തിരുവനന്തപുരം: സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി ഏപ്രിൽ ഒന്നിന് അവസാനിക്കുന്നു. സർക്കാർ നേരത്തേ പ്രഖ്യാപിച്ച ഉറപ്പുള്ള പെൻഷൻ സംവിധാനം (അഷ്വേർഡ് പെൻഷൻ സ്കീം) ഏപ്രിൽ ഒന്നുമുതൽ സംസ്ഥാനത്ത് നിലവിൽ വരുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. സർക്കാർ ജീവനക്കാരുടെ സുരക്ഷിത പെൻഷൻ എന്ന സ്വപ്നത്തിന് തന്നെ ഭീഷണിയായിരുന്നു പങ്കാളിത്ത പെൻഷൻ. അതേസമയം അവസാന അടിസ്ഥാന ശമ്പളത്തിന്‍റെ 50 ശതമാനം തുക പെൻഷനായി നൽകുന്നതാണ് അഷ്വേർഡ് പെൻഷൻ പദ്ധതി. സർക്കാർ ജീവനക്കാരുടേയും സർക്കാരിന്റെയും വിഹിതം വെവ്വേറെ കൈകാര്യം ചെയ്യാനും പുതിയ പെൻഷൻ പദ്ധതിയിൽ നിർദേശമുണ്ട്.
ശമ്പള പരിഷ്കരണത്തിനായി പുതിയ കമ്മീഷനെ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശ്ശിക ഘട്ടം ഘട്ടമായി കൊടുത്തുതീർക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. ഡിഎ കുടിശ്ശികയുടെ ആദ്യ ഗഡു അടുത്ത മാസം മുതൽ കൊടുത്തു തുടങ്ങുമെന്നും പ്രഖ്യാപനമുണ്ട്. തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടിയും സംസ്ഥാന ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കേന്ദ്ര നിയമത്തിൽ മാറ്റം വന്നതോടെ കേരളം ഒരു വർഷത്തിൽ 1200 കോടി നൽകേണ്ടുന്ന പദ്ധതിയായി MGNREGA(തൊഴിലുറപ്പ് പദ്ധതി) മാറിയിരുന്നു. 60:40 എന്ന അനുപാതത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പദ്ധതിക്കായി പണം നൽകണമെന്നാണ് പുതിയ തൊഴിലുറപ്പ് പദ്ധതി ഭേദഗതിയിൽ പറയുന്നത്. കേന്ദ്രം തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് പിന്നോട്ട് പോയെങ്കിലും സംസ്ഥാനസർക്കാർ അത് നിലനിർത്തുമെന്ന് കെഎൻ ബാലഗോപാൽ പറഞ്ഞു.
















