Homepage Featured Kerala News

കേരള സംസ്ഥാന ബജറ്റ് ഇന്ന്: പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുമോ?; ബജറ്റ് രേഖയുമായി ഉദ്യോ​ഗസ്ഥർ ധനമന്ത്രിയുടെ വീട്ടിൽ

തിരുവനന്തപുരം: കേരള സംസ്ഥാന ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. പിണറായി വിജയൻ രണ്ടാമത് മുഖ്യമന്ത്രി ആയ ശേഷമുള്ള ആറാമത്തെ സംസ്ഥാനബജറ്റ് ആണ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുക. ബജറ്റ് രേഖയുമായി ഉദ്യോ​ഗസ്ഥർ ധനമന്ത്രിയുടെ വീട്ടിൽ എത്തിയിട്ടുണ്ട്. സാധാരണക്കാർ, കുട്ടികൾ തുടങ്ങിയ എല്ലാവരേയും ബജറ്റിൽ പരി​ഗണിച്ചിട്ടുണ്ടെന്ന് ധനമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. സ്വപ്നബജറ്റല്ലെന്നും ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു. രാവിലെ ഒമ്പതിന് നിയമസഭയിൽ ബജറ്റ് അവതരണം ആരംഭിക്കും.

വികസന വിപ്ലവത്തെ കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാനുള്ള രേഖയായി ബജറ്റിനു മാറാൻ കഴിയുമെന്നാണ് കെഎൻ ബാല​ഗോപാൽ അവകാശപ്പെടുന്നത്. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് അഷ്വേർഡ് പെൻഷൻ സ്കീം തിരിച്ചു കൊണ്ടുവരിക, സാമൂഹ്യ സുരക്ഷാ പെൻഷൻ 2500 ആക്കുക തുടങ്ങിയ ജനങ്ങളുടെ പ്രതീക്ഷകൾക്ക് ബജറ്റ് ചിറക് നൽകുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. വിദ്യാഭ്യാസം, ആരോ​ഗ്യം, പട്ടികജാതി – പട്ടികവർ​ഗ വിഭാ​ഗങ്ങളുടെ ഉന്നമനം, മറ്റു അടിസ്ഥാന മേഖലകളുടെ വളർച്ച തുടങ്ങിയവയിലും പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ എന്നും ഇന്നറിയാം.

കേന്ദ്രത്തിന്‍റെ സാമ്പത്തിക ഉപരോധം ഉണ്ടെന്ന് സംസ്ഥാനസർക്കാർ വ്യക്തമാക്കുന്നുണ്ടെങ്കിലും പദ്ധതികൾ പ്രഖ്യാപിക്കുന്നതിനോ നടപ്പിലാക്കുന്നതിനോ ഇത് തടസ്സമാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രത്തിൽ നിന്നുള്ള വരുമാനം 6.15 ശതമാനം കുറഞ്ഞിട്ടുണ്ട്. സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്കരണം നടപ്പാക്കുമെന്ന് കരുതുന്ന ബജറ്റാണ് ഇന്ന് ധനമന്ത്രി സഭയിൽ അവതരിപ്പിക്കുക. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അതിവേഗ റെയിൽ പാത, വിഴിഞ്ഞം രണ്ടാം ഘട്ടവികസനം തുടങ്ങിയ വലിയ പദ്ധതികളുടെ നടത്തിപ്പും സർക്കാരിന്റെ മുമ്പിലുണ്ട്. സംസ്ഥാനത്തിന്റെ വരുമാനത്തിലും വികസനപ്രവർത്തനങ്ങൾക്കുള്ള ചെലവിലും ഉണ്ടായ വർധനവ് ചൂണ്ടിക്കാട്ടുമ്പോഴും കടവും കൂടിയിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ കടമെടുപ്പ് നിരക്ക് കാര്യമായി കുറഞ്ഞെന്ന് ധനമന്ത്രി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സംസ്ഥാനത്തിന്റെ തനത് വരുമാനം 2.7 ശതമാനം വർധിച്ചിട്ടുണ്ട്. നികുതി വരുമാനം 3.1 ശതമാനം വർദ്ധിച്ചു. മൊത്തം വരുമാനത്തിൽ 0.3 ശതമാനം വർധനയാണ് ഉണ്ടായത്.

Related Posts