Homepage Featured Kerala News

കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്തവർക്കും ഇൻഷുറൻസ്, ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് 40,000 രൂപ ധനസഹായം; പുതിയ പദ്ധതികളുമായി സംസ്ഥാനസർക്കാർ

തിരുവനന്തപുരം: കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്തവർക്കായി ഇൻഷുറൻസ് പദ്ധതിയുമായി സംസ്ഥാനസർക്കാർ. ചെറിയ തുക അടച്ച് പദ്ധതിയിൽ ചേരാൻ കഴിയുമെന്നാണ് സംസ്ഥാനസർക്കാർ പറയുന്നത്. പദ്ധതിക്കായി 50 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്ന് ബജറ്റ് പ്രഖ്യാപന പ്രസം​ഗത്തിൽ കെഎൻ ബാല​ഗോപാൽ പറഞ്ഞു. നിലവിൽ 3 ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള, സംസ്ഥാനത്തെ കുടുംബങ്ങൾക്ക് ഗുരുതര രോഗങ്ങൾക്ക് പ്രതിവർഷം ₹5 ലക്ഷം വരെ ചെലവിലുള്ള ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്. ഓട്ടോതൊഴിലാളികൾക്ക് പ്രത്യേക ഇൻഷുറൻസിനും ബജറ്റിൽ പ്രഖ്യാപനമുണ്ട്. ഹരിതകർമസേനയ്ക്ക് ​ഗ്രൂപ്പ് ഇൻഷുറൻസ് ഏർപ്പെടുത്തുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന മെഡ‍ി സെപ്പ് പദ്ധതി വിപുലീകരിക്കാൻ ബജറ്റിൽ പ്രഖ്യാപനമുണ്ട്. കൂടുതൽ ആനുകൂല്യം നൽകുന്നതിന് പുറമേ കൂടുതൽ ആശുപത്രികളെ പദ്ധതിയുടെ ഭാ​ഗമാക്കാനുമായി മെഡ‍ി സെപ്പ് 2.0 ഫെബ്രുവരി ഒന്ന് മുതൽ നടപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും മെഡി സെപ് മാതൃകയിൽ പുതിയ പദ്ധതിയൊരുക്കും. 12ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അപകട ഇൻഷുറൻസും സംസ്ഥാനസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

റോഡ് അപകടത്തിൽപ്പെടുന്നവര്‍ക്ക് 5 ദിവസം സൗജന്യ ചികിത്സയ്ക്കായും പദ്ധതി ഒരുക്കിയിട്ടുണ്ട്. സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ചികിൽസ നൽകുന്നതാണ് പദ്ധതി. 15 കോടി രൂപയാണ് പദ്ധതിക്ക് വകയിരുത്തിയത്. പരിസ്ഥിതി സൗഹൃദ ഓട്ടോറിക്ഷകൾക്ക് 40,000 രൂപ ധനസഹായം നൽകാൻ സംസ്ഥാനസർക്കാർ പദ്ധതി ഒരുക്കിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിക്ക് ബജറ്റിൽ 1000 കോടിയും വകയിരുത്തി. സ്ത്രീകളുടെ തൊഴിൽ പരിശീലനത്തിന് പഞ്ചായത്ത് തലത്തിൽ സ്കിൽ ഡെവലപ്പ്മെന്റ് കേന്ദ്രങ്ങള്‍ ആരംഭിക്കാൻ 20 കോടി സംസ്ഥാന ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

Related Posts