തിരുവനന്തപുരം: സംസ്ഥാനത്ത് റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പദ്ധതി നടപ്പാക്കാൻ മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 583 കിലോമീറ്റർ നീളത്തിൽ റെയിൽ ഗതാഗത സംവിധാനം ഒരുക്കാനാണ് മന്ത്രിസഭയുടെ നിർദേശം. സംസ്ഥാനത്ത് നിലവിലുള്ള കൊച്ചി മെട്രോ, ഭാവിയിൽ വരാനിരിക്കുന്ന തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ മെട്രോകൾ എന്നിവയെയും ബന്ധിപ്പിക്കുന്ന തരത്തിൽ സംസ്ഥാനത്തിന് ഏകീകൃത ബഹുവിധ ഗതാഗത ശൃംഖല ഒരുക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ നിർദേശം.
ആർആർടിഎസ് (റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം) പ്രായോഗികവും സാമൂഹികവുമായി അംഗീകരിക്കാവുന്ന അതിവേഗ റെയിൽവേ സംവിധാനമാണെന്ന് മുഖ്യമന്ത്രി പറയുന്നു. ഡൽഹി – മിററ്റ് ആർആർടിഎസ് കോറിഡോർ വിജയകരമാണെന്നും ഇതിന് സമാനമായ പദ്ധതിയാണ് സംസ്ഥാനത്ത് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറയുന്നു. മണിക്കൂറിൽ 160 – 180 കിലോമീറ്റർ വരെ വേഗം, കുറഞ്ഞ സ്റ്റേഷൻ ഇടവേള, ഉയർന്ന യാത്രാ ശേഷി എന്നിവയായിരിക്കും ഈ അതിവേഗ റെയിൽവേ സംവിധാനത്തിന്റെ പ്രത്യേകത. കേരളത്തിലെ ആർആർടിഎസ് പദ്ധതി പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി കേരള സന്ദർശന വേളയിൽ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം പദ്ധതി നടപ്പാക്കാൻ അംഗീകാരം നൽകിയത്.
പദ്ധതിക്കായി സംസ്ഥാനത്തിന്റെ താല്പര്യം അറിയിച്ച് കേന്ദ്ര സർക്കാരിന് ഔപചാരികമായി കത്ത് അയക്കുമെന്നും അതിനാവശ്യമായ കൂടിയാലോചനകൾ ആരംഭിക്കാൻ ഗതാഗത വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തിയെന്നും പിണറായി വിജയൻ പറഞ്ഞു. കേന്ദ്രത്തിന്റെ തത്വത്തിലുള്ള അനുമതി ലഭിക്കുന്ന മുറയ്ക്ക് ധാരണാ പത്രത്തിൽ ഏർപ്പെടും. കേരളത്തിന്റെ ഭൂമിശാസ്ത്ര ഘടനയും ജനസാന്ദ്രതയും കണക്കിലെടുത്താണ് പദ്ധതി. യാത്രാസമയം ഗണ്യമായി കുറയ്ക്കുക, മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് പദ്ധതി സഹായിക്കും.
പദ്ധതിക്കായി തറനിരപ്പിൽ കൂടെയുള്ള (embankment) മോഡലിന് പകരം തൂണുകൾ വഴിയുള്ള (elevated viaduct) മോഡലാണ് സർക്കാർ നിർദേശിക്കുന്നത്. പദ്ധതിച്ചെലവിന്റെ 20% സംസ്ഥാന സർക്കാർ, 20% കേന്ദ്ര സർക്കാർ, ശേഷിക്കുന്ന 60% അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള ദീർഘകാല വായ്പ എന്ന നിലയിലാണ് ഡൽഹി ആർ.ആർ.ടി.എസ് നടപ്പിലാക്കുന്നത്. ഇതേ മാതൃക ആണ് കേരളത്തിലും സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നത്. സാമ്പത്തിക ഭാരം കുറയ്ക്കാനായി ഘട്ടം ഘട്ടമായി പദ്ധതി നടപ്പിലാക്കാനാണ് സംസ്ഥാനത്തിന്റെ നിർദേശം.
ആദ്യഘട്ടമായി തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ ഉള്ള Travancore Line (Phase – -1), അതിന്റെ ഒപ്പം തിരുവനന്തപുരം മെട്രോയും കൂടാതെ കൊച്ചി മെട്രോയുടെ സംയോജിപ്പിക്കലും ഒരേ സമയക്രമത്തിൽ സമാന്തരമായി (parallel execution) ആരംഭിക്കും. 284 കിലോമീറ്റർ വരുന്ന ആദ്യഘട്ടം 2027 ൽ നിർമ്മാണം ആരംഭിച്ച് 2033 ൽ പൂർത്തിയാക്കും. രണ്ടാംഘട്ടമായി തൃശ്ശൂർ മുതൽ കോഴിക്കോട് വരെ മലബാർ ലൈനും അതോടൊപ്പം കോഴിക്കോട് മെട്രോയും നടപ്പിലാക്കും. മൂന്നാംഘട്ടമായി കോഴിക്കോട് മുതൽ കണ്ണൂർ വരെ കണ്ണൂർ ലൈൻ വികസിപ്പിക്കുന്നതും അവസാന ഘട്ടമായി കണ്ണൂർ മുതൽ കാസർഗോഡ് ലൈനും പൂർത്തിയാക്കുന്നതിനുമാണ് നിർദ്ദേശമുള്ളത്. പദ്ധതി അയൽ സംസ്ഥാനങ്ങളുടെ കൂടി സഹകരണത്തോടെ പാലക്കാട് വഴി കോയമ്പത്തൂരിലേക്കും, തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലേക്കും, കാസർഗോഡ് വഴി മംഗലാപുരത്തേക്കും ഭാവിയിൽ വികസിപ്പിക്കാവുന്നതാണെന്നും സർക്കാർ അഭിപ്രായപ്പെടുന്നു.
















