ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി കേരളം അവതരിപ്പിച്ച നിശ്ചല ദൃശ്യത്തിന് മൂന്നാം സ്ഥാനം. 12 വർഷത്തിന് ശേഷമാണ് കേരളം റിപ്പബ്ലിക് ദിന പരേഡിൽ മെഡൽ പട്ടികയിൽ ഇടം നേടുന്നത്. മുപ്പതിലധികം ടാബ്ലോകളിൽ നിന്നാണ് കേരളത്തിൻ്റെ വികസന നേട്ടമായ കൊച്ചി വാട്ടർ മെട്രോയും ഡിജിറ്റൽ സാക്ഷരതയിലെ നൂറു ശതമാനം നേട്ടവും എടുത്തു കാട്ടിയ ടാബ്ലോ തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സ്പെഷൽ സെക്രട്ടറിയും ഡയറക്ടറുമായ ടി.വി. സുഭാഷിൻ്റെ നേതൃത്വത്തിലാണ് ടാബ്ലോയുടെ ആശയവും നിർവ്വഹണവും നിർവഹിച്ചത്.
നോഡല്‍ ഓഫീസറായ ന്യൂഡല്‍ഹി ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റർ രതീഷ് ജോണിൻ്റെ നേതൃത്വത്തിലാണ് ടാബ്ലോയുടെ നിർമ്മാണ പ്രവർത്തികൾ രാഷ്ട്രീയ രംഗശാല ക്യാമ്പിൽ നടത്തിയത്. അഡീഷണൽ ഡയറക്ടർമാരായ കെ.ജി. സന്തോഷ്, വി.പി. പ്രമോദ് കുമാർ, കെ.പി. സരിത, ഡെപ്യൂട്ടി ഡയറക്ടർ എ. അരുൺകുമാർ എന്നിവർ മേൽനോട്ടം വഹിച്ചു.
കേരള ടാബ്ലോയുടെ ഡിസൈനിംഗും ഫാബ്രിക്കേഷന്‍ ജോലികളും നിര്‍വഹിച്ചത് ജെ.എസ്
ചൗഹാന്‍ ആൻഡ് അസോസിയേറ്റ്‌സിനായി റോയ് ജോസഫാണ്.
ടാബ്ലോയുടെ സംഗീതസംവിധാനം മോഹന്‍ സിതാരയാണ്. ഐ ആന്‍ഡ് പി. ആർ . ഡി ഡെപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍. സന്തോഷാണ് ഗാനരചയിതാവ്. ഗായകന്‍ കെ.എ.സുനില്‍. ടാബ്ലോയുടെ കലാകാരുടെ നൃത്തസംയോജനം നടത്തിയത് ജയപ്രഭ മേനോന്‍ ആണ്. ടാബ്ലോയിൽ 16 ഓളം കലാകാരന്മാർ അണിനിരന്നു.
















