കണ്ണൂർ: പയ്യന്നൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് ചതുപ്പ് നിലം വാങ്ങിയത് അഞ്ചിരട്ടി വില നൽകിയെന്ന് ആരോപണം. 20 കോടിയിലധികം രൂപ ചെലവിട്ട് ഒരേക്കർ ചതുപ്പ് ഭൂമി വാങ്ങിയതിൽ ക്രമക്കേട് ഉണ്ടെന്നാണ് ആരോപണം. ഈ ഇടപാടിൽ ടിഐ മധുസൂദനൻ എംഎൽഎക്കും ഇടനിലക്കാർക്കും പങ്കുള്ളതായാണ് വി കുഞ്ഞികൃഷ്ണൻ ആരോപിച്ചത്.
പയ്യന്നൂർ ബസ്സ്റ്റാന്റിനോട് ചേർന്നുള്ള ഒരേക്കർ ചതുപ്പ് ഭൂമിയാണ് രണ്ട് ഉടമസ്ഥരുടെ കൈയിൽ നിന്നായി വാങ്ങിയത്. ഈ ഭൂമിയുടെ മുൻ അവകാശികൾ 2011 ലും 2015 ലും ഈ സ്ഥലങ്ങൾ വാങ്ങിയത് സെന്റിന് നാല് ലക്ഷത്തിനു താഴെ വിലക്കാണെന്നും രേഖകൾ പറയുന്നു. ഈ സ്ഥലമാണ് 6 വർഷം കഴിയുമ്പോൾ സെന്റിന് 19 ലക്ഷത്തിനടുത്ത് വില കൊടുത്ത് സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് വാങ്ങുന്നത്. അതിനു ശേഷം തൊട്ടടുത്തുള്ള ഭൂമിയുടെ പോലും കച്ചവടം നടന്നത് സെന്റിന് 5 ലക്ഷം രൂപയ്ക്കാണ്.
















