Homepage Featured India News

വിമാനാപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു

മുംബൈ: വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു. 66 വയസായിരുന്നു. മഹാരാഷ്ട്രയിലെ ബരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന 5 പേർക്കും ജീവൻ നഷ്ടപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. വിമാനം പൂർണ്ണമായും കത്തിനശിച്ചു. ഇന്ന് രാവിലെയാണ് മുംബൈയിൽ നിന്നും മഹാരാഷ്ട്രയിലെ ബരാമതിയിലേക്ക് പവാറും അനുയായികളും സ്വകാര്യവിമാനത്തിൽ യാത്ര ചെയ്തത്.

ലാൻ്റിം​ഗിന് തൊട്ടുമുമ്പായിരുന്നു വിമാനം അപകടത്തിൽ പെട്ടത്. താഴെ വീണ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അജിത് പവാറിനൊപ്പം സുരക്ഷാ ഉദ്യോ​ഗസ്ഥരും അനുയായികളും പൈലറ്റും മരിച്ചു. വിമാനം അപകടത്തിൽ പെട്ട ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല.

6 സർക്കാരുകളിൽ ഉപമുഖ്യമന്ത്രിയായിരുന്നു അജിത് പവാ‍ർ. ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രിയായ നേതാവായിരുന്നു അജിത് പവാർ. ഒരു തെരഞ്ഞെടുപ്പിൽ പോലും തോൽക്കാത്ത നേതാവായിരുന്ന പവാർ 8 തവണ നിയമസഭയിലേക്കും ഒരിക്കൽ ലോക്സഭയിലേക്കും ജയിച്ചു കയറി. അതേസമയം, അപകടത്തിൻ്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിൻ്റെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്.

മുതിർന്ന എൻ.സി.പി നേതാവായ ശരദ് പവാറിൻ്റെ ജ്യേഷ്ഠ സഹോദരനായ അനന്തറാവുവിൻ്റെയും ആശാതായിയുടെയും മകനായി മഹാരാഷ്ട്രയിലെ പൂനൈ ജില്ലയിലെ ബരാമതിയിൽ 1959 ജൂലൈ 22ന് ജനനം. മഹാരാഷ്ട്ര എഡ്യുക്കേഷൻ സൊസൈറ്റി ഹൈസ്കൂളിൽ നിന്ന് നേടിയ എസ്.എസ്.എൽ.സിയാണ് വിദ്യാഭ്യാസ യോഗ്യത. തുടർപഠനത്തിനായി കോളേജിൽ പോയെങ്കിലും കോഴ്സ് പൂർത്തിയാക്കിയില്ല.

1982-ൽ പൂനൈ ജില്ലയിലെ പഞ്ചസാര ഫാക്ടറി സഹകരണ ബോർഡ് അംഗമായാണ് പൊതുരംഗ പ്രവേശനം. 1991 മുതൽ 2007 വരെ പൂനൈ ജില്ല സഹകരണ ബാങ്ക് ചെയർമാനായിരുന്നു. 1991-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബരാമതിയിൽ നിന്ന് പാർലമെൻ്റ് അംഗമായെങ്കിലും ശരദ് പവാറിന് മത്സരിക്കാനായി ലോക്സഭാംഗത്വം രാജിവച്ചു.

1991-ലെ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ ബരാമതിയിൽ നിന്ന് ആദ്യമായി നിയമസഭാംഗമായ അജിത് പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും ബരാമതിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1991-ലെ സുധാകരറാവു നായിക് മന്ത്രിസഭയിൽ ആദ്യമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായ അജിത് പിന്നീട് അഞ്ച് തവണ കൂടി കാബിനറ്റ് വകുപ്പിൻ്റെ മന്ത്രിയായി.

2010-ലെ അശോക് ചവാൻ മന്ത്രിസഭയിൽ ആദ്യമായി ഉപ-മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പ്രിഥിരാജ് ചവാൻ, ദേവേന്ദ്ര ഫഡ്നാവീസ്, ഉദ്ധവ് താക്കറെ, ഏകനാഥ് ഷിൻഡേ മന്ത്രിസഭകളിൽ വീണ്ടും ഉപ-മുഖ്യമന്ത്രിയായി.

Related Posts