സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയ്ക്കു സാധ്യതയെന്ന് കേരള ലൈവ് ന്യൂപോള്‍ സര്‍വെ റിപ്പോര്‍ട്ട്. എല്‍ഡിഎഫ് 83 മുതല്‍ 95 സീറ്റുകള്‍ വരെ നേടി അധികാരത്തില്‍ തുടരുമെന്നാണ് ഈ സര്‍വെയില്‍ പറയുന്നത്. 2021 നെക്കാള്‍ നില മെച്ചപ്പെടുത്തുമെങ്കിലും യുഡിഎഫ് പ്രതിപക്ഷത്ത് തുടരുമെന്നും സര്‍വെയില്‍ പറയുന്നു.
സ്ട്രാറ്റിഫൈഡ് റാന്‍ഡം സാംപ്ലിങ് എന്ന ശാസ്ത്രീയ രീതിയുപയോഗിച്ച് സംസ്ഥാനത്തെ 47 മണ്ഡലങ്ങളില്‍ നിന്നായി 70,500 വോട്ടര്‍മാരുടെ നേരിട്ടുള്ള അഭിപ്രായങ്ങളാണ് സര്‍വെ ക്രോഡീകരിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ പൊതുവായ പ്രവര്‍ത്തനത്തെക്കുറിച്ച് ഭൂരിഭാഗം ജനങ്ങളും അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. 42 ശതമാനം പേര് സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന് (17% വളരെ മികച്ചത്, 25% മികച്ചത്) അഭിപ്രായപ്പെട്ടപ്പോള്‍, 34 ശതമാനം പേര് ശരാശരി നിലവാരമാണെന്ന് രേഖപ്പെടുത്തി.
വികസനം, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നതെന്ന് സര്‍വെയില്‍ പങ്കെടുത്ത വലിയൊരു ശതമാനം ആളുകളും അഭിപ്രായപ്പെടുന്നു. സര്‍ക്കാര്‍ പദ്ധതികളില്‍ മാലിന്യ സംസ്കരണത്തിനാണ് (33%) ജനങ്ങള്‍ ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയത്. ലൈഫ് മിഷനും ആരോഗ്യ മിഷനും തൊട്ടുപിന്നിലുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തില്‍ 68 ശതമാനം പേരും, ക്ഷേമപദ്ധതികളുടെ കാര്യത്തില്‍ 79 ശതമാനം പേരും സംതൃപ്തി രേഖപ്പെടുത്തി.
യുഡിഎഫ് 42 മുതല്‍ 57 സീറ്റുകള്‍ വരെ നേടിയേക്കാം. ബിജെപിക്കു പരമാവധി കിട്ടാന്‍ സാധ്യത മൂന്ന് സീറ്റുകളാണ്. സിപിഎം 56 മുതല്‍ 59 സീറ്റുകള്‍ വരെ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. സിപിഐയ്ക്കു 18 മുതല്‍ 21 വരെ സീറ്റുകള്‍. കേരള കോണ്‍ഗ്രസ് (എം) ഇത്തവണ നില മെച്ചപ്പെടുത്തും.
യുഡിഎഫില്‍ മുസ്ലിം ലീഗ് ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ പോലും സാധ്യതയുണ്ട്. കോണ്‍ഗ്രസ് 21 മുതല്‍ 26 സീറ്റുകള്‍ വരെ നേടാനും മുസ്ലിം ലീഗ് 19 മുതല്‍ 23 വരെ സീറ്റുകള്‍ നേടാനും സാധ്യതയുണ്ടെന്നാണ് സര്‍വെ പ്രവചിക്കുന്നത്.
വികസനവും ക്ഷേമ പദ്ധതികളുമാണ് ഇടതുപക്ഷം തുടരണമെന്ന് വലിയൊരു വിഭാഗം ആളുകളും അഭിപ്രായപ്പെടാന്‍ പ്രധാന കാരണം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് 31 ശതമാനം പേര് പിണറായി വിജയനെയും 24 ശതമാനം പേര് കെ.കെ.ശൈലജയെയും പിന്തുണയ്ക്കുന്നു. യുഡിഎഫില്‍ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പേര് ആഗ്രഹിക്കുന്നത് രമേശ് ചെന്നിത്തലയെയാണ്.
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ സംസ്ഥാന വര്‍ഗീയ ധ്രുവീകരണം ഉണ്ടായേക്കുമെന്ന് ഭയപ്പെടുന്നുവരുണ്ട്. മതേതര സമൂഹമെന്ന നിലയില്‍ എല്‍ഡിഎഫ് ഭരണത്തിലാണ് കേരളം മുന്നോട്ടു പോകുന്നതെന്നും യുഡിഎഫ് വന്നാല്‍ അതിനു കോട്ടം തട്ടിയേക്കുമെന്നും പേടിക്കുന്നവരുണ്ട്.
















