കണ്ണൂർ: ധൻരാജ് രക്തസാക്ഷി ഫണ്ടിൽ ടിഐ മധുസൂധനൻ എംഎൽഎ തട്ടിപ്പ് നടത്തിയെന്ന് ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണന് എതിരെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ നടപടി. വി കുഞ്ഞികൃഷ്ണനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. 2022 മാർച്ചിൽ തന്നെ തീരുമാനമെടുത്ത കാര്യത്തിൽ ഇപ്പോൾ വിഭാഗീയ ലക്ഷ്യം വെച്ച് പാർട്ടിക്കെതിരെ രംഗത്ത് വന്നതിനാണ് നടപടി.
ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിൽ ഉള്ള ചാനലിലെ അജണ്ട സെറ്റ് ചെയ്ത പരിപാടിയിൽ പങ്കെടുത്തത് യാദൃശ്ചികമല്ലെന്നും സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ് പറഞ്ഞു.
ഏഷ്യാനെറ്റിൽ വിനു വി ജോണിന്റെ പരിപാടിയിലായിരുന്നു വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ പുറത്തുവന്നത്. വിഭാഗീയ ലക്ഷ്യങ്ങളോടെ വി കുഞ്ഞികൃഷ്ണൻ പ്രവർത്തിച്ചുവെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു. വി കുഞ്ഞികൃഷ്ണന്റെ ആരോപണം നേരത്തേ ജില്ലാ കമ്മിറ്റിയിൽ ഉയർന്നപ്പോൾ മൂന്ന് ഏരിയാകമ്മിറ്റി സെക്രട്ടറിമാരെ തന്നെ ഉൾപ്പെടുത്തി ഓഡിറ്റിങ് നടത്തിയിരുന്നുവെന്നും ഇതിൽ ടിഐ മധുസൂധനൻ കുറ്റക്കാരനാണെന്ന് കണ്ടെത്താനായില്ലെന്ന് കെകെ രാഗേഷ് പറഞ്ഞു.
രസീത് ബുക്ക് അച്ചടിച്ചപ്പോൾ അക്ഷരത്തെറ്റ് ഉണ്ടായി. തെറ്റായി അച്ചടിച്ചതിൽ ഒരു രസീത് ബുക്ക് മറ്റൊരു നേതാവിന് ഫണ്ടുപിരിവിനായി അബദ്ധത്തിൽ നൽകി. മധുസൂധനന് അല്ല ഇത് നൽകിയത്. ഇതിൽ ഫണ്ടുപിരിവ് നടന്നിട്ടുണ്ട്. ഇതിലെ പിരിവിന്റെ വിവരങ്ങൾ പാർട്ടിക്ക് തിരികെ ലഭിച്ചിട്ടുമുണ്ട്. ബാക്കിയുള്ള മറ്റു രസീത് ബുക്കുകൾ തിരികെ ലഭിച്ചു. ടിഐ മധുസൂധനന്റെ കയ്യിലുണ്ടായിരുന്ന ഒരു രസീത് ബുക്ക് പിന്നീട് അദ്ദേഹം തിരികെ നൽകിയിരുന്നു. ഇത്തരം കാര്യങ്ങൾ വി കുഞ്ഞികൃഷ്ണൻ അടക്കമുള്ളവരെ ബോധ്യപ്പെടുത്തിയിരുന്നു എന്നും കെകെ രാഗേഷ് പറഞ്ഞു.
















