77ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ് രാജ്യം. പുഷ്പചക്രമർപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ എത്തിയിട്ടുണ്ട്. പ്രതിരോധമന്ത്രിയും ഒപ്പമുണ്ട്. തുടർന്ന് പരേഡിന് സാക്ഷിയാകാൻ അദ്ദേഹം കർത്തവ്യപഥിലേക്ക് തിരിക്കും. ഡൽഹി കർത്തവ്യപഥിൽ പത്തരയോടെ റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കും. രാജ്യത്തിന്റെ നേട്ടങ്ങളും സൈനിക കരുത്തും പ്രതിഫലിപ്പിക്കുന്നതാകും റിപ്പബ്ലിക് ഡേ പരേഡ്. കര-നാവിക- വ്യോമസേനകളുടെ ശക്തിപ്രകടനങ്ങളാണ് ഒരോ പരേഡിലേയും പ്രധാന ആകർഷണം.
യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വൊൻ ദെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരാണ് മുഖ്യാതിഥികൾ. അർധസൈനിക വിഭാഗങ്ങളും എൻസിസി കേഡറ്റുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരും പരേഡിന്റെ ഭാഗമായി അണിനിരക്കും. വന്ദേമാതരത്തിന്‍റെ 150-ാം വാർഷികവും ഇക്കുറി റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആഘോഷിക്കും.
വിവിധ മേഖലകളിലെ പ്രശസ്തരായ 10,000 പേർ പ്രത്യേക അതിഥികളായി ഇന്നത്തെ റിപ്പബ്ലിക് ഡേ പരേഡ് കാണാനെത്തിയിട്ടുണ്ട്. വ്യോമസേനയുടെ 29 വിമാനങ്ങൾ ഇന്ന് കാഴ്ചക്കാർക്കായി ആകാശത്ത് വിസ്മയ പ്രകടനം ഒരുക്കും. റഫാൽ, സുഖോയ് മിഗ് അടക്കം യുദ്ധവിമാനങ്ങൾ അണിനിരക്കുന്ന സിന്ദൂർ ഫോർമേഷൻ, 30 ടാബ്ലോകൾ എന്നിവയാണ് മറ്റു പ്രത്യേകതകൾ. നൂറു ശതമാനം ഡിജിറ്റൽ സാക്ഷരതാ നേട്ടവും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കി നിശ്ചലദൃശ്യമാണ് കേരളം അവതരിപ്പിക്കുന്നത്.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ഗവർണർ രാജേന്ദ്ര അർലെക്കർ അഭിവാദ്യം സ്വീകരിക്കും. രാവിലെ 9 മണിക്ക് തന്നെ സംസ്ഥാനത്ത് പരേഡ് ആരംഭിച്ചു. വിവിധ സേനാവിഭാഗങ്ങൾ, എൻസിസി സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകൾ തുടങ്ങിയവർ പരേഡിൽ അണിനിരന്നു. ഇതാദ്യമായി സംസ്ഥാനത്ത് നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ റിപ്പബ്ലിക് ദിന പരേഡിൽ അണിനിരന്നു. വിവിധ സർവകലാശാലകളിൽ നിന്നുളള 40 എൻഎസ്എസ് വളണ്ടിയർമാർ സംസ്ഥാനത്തെ റിപ്പബ്ലിക് ഡേ പരേഡിൽ പങ്കെടുക്കുന്നുണ്ട്
















