തിരുവനന്തപുരം: വിഎസിന് പത്മവിഭൂഷൺ ലഭിച്ചതിൽ കുടുബത്തോടൊപ്പം പാർട്ടിക്കും സന്തോഷമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദൻ. മുമ്പ് പാർട്ടിയുടെ ഓരോ നേതാക്കൾ അവരുടെ നിലപാട് അനുസരിച്ചായിരുന്നു പത്മവിഭൂഷൺ സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചത്. എന്നാൽ വിഎസിന്റെ കുടുംബം പുരസ്കാരത്തെ സ്വാഗതം ചെയ്തിട്ടുള്ളതിനാൽ പാർട്ടിക്കും സന്തോഷമെന്നും പുരസ്കാരത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇഎംഎസ്, ജ്യോതിബസു, ബുദ്ധദേവ് ഭട്ടാചാര്യ, ഹർകിഷൻസിങ് സുർജീത് തുടങ്ങിയവർ മുമ്പ് പത്മ പുരസ്കാരങ്ങൾ നിഷേധിച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം.
നരസിംഹറാവു സർക്കാരിന്റെ കാലത്ത് ഇഎംഎസിന് പത്മവിഭൂഷൺ പ്രഖ്യാപിച്ചു. എന്നാൽ ഇഎംഎസ് പത്മവിഭൂഷൺ സ്വീകരിച്ചില്ല. 1996 ലെ ഐക്യമുന്നണി സർക്കാരിന്റെ കാലത്ത് അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതിബസുവിനു ഭാരതരത്നം നൽകാൻ തീരുമാനമുണ്ടായി. ജ്യോതിബസു പുരസ്‌കാരം സ്വീകരിക്കില്ലെന്ന് നിലപാട് എടുത്തു. ഐക്യമുന്നണി സർക്കാരിന്റെ കാലത്ത് തന്നെ സിപിഎം നേതാവ് ഹർകിഷൻ സിങ് സുർജീത്തിനെ പത്മവിഭൂഷൺ നൽകാൻ തെരഞ്ഞെടുത്തു. അദ്ദേഹവും പുരസ്കാരം സ്വീകരിക്കാൻ തയ്യാറായില്ല. 2022 ൽ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയ്ക്ക് പത്മഭൂഷൺ നൽകാൻ നിശ്ചയിച്ചിരുന്നെങ്കിലും അദ്ദേഹവും പുരസ്കാരം സ്വീകരിച്ചിരുന്നില്ല.
















