കൊച്ചി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കായി എല്ലാ പഞ്ചായത്തുകളിലും സൗജന്യ മെഡിക്കൽ സ്റ്റോറുകൾ തുറക്കുമെന്ന് വ്യവസായവകുപ്പ് മന്ത്രി പി രാജീവ്. കളമശ്ശേരി മണ്ഡലത്തിലെ ‘ഒപ്പം’ സൗജന്യ മെഡിക്കൽ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നാല് വർഷത്തിനിടെ 25000 ത്തോളം പേർക്ക് സൗജന്യ ചികിത്സ നൽകിയ പരിപാടിയാണ് ഒപ്പം. ഒപ്പത്തിന്റെ ഭാഗമായി ഇതുവരെ 2246 പേർക്ക് തിമിര ശസ്ത്രക്രിയകളും, 44 രോഗികൾക്ക് മുട്ടുമാറ്റൽ ശസ്ത്രക്രിയകളും, 116 പേർക്ക് കേൾവി സഹായികളുടെ വിതരണവും സൗജന്യമായി പൂർത്തിയാക്കിയിട്ടുണ്ട്.
കളമശ്ശേരി നഗരസഭ ചെയർമാൻ ജമാൽ, ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള, ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം തുടങ്ങിയവർ പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
















