തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വിഎസ്എസ്സി ശാസ്ത്രജ്ഞരുടെ മൊഴിയെടുത്ത് എസ്ഐടി. എസ്ഐടിക്ക് ലഭിച്ച വിഎസ്എസ്സിയുടെ സങ്കീര്‍ണമായ ശാസ്ത്രീയ പരിശോധന ഫലത്തിൽ ശാസ്ത്രജ്ഞരുടെ മൊഴിയെടുത്ത് വ്യക്തതവരുത്തുകയാണ് എസ്ഐടി. പഴയ വാതിൽ പാളിയുടെ ശാസ്ത്രീയ പരിശോധന ഫലവുമായി താരതമ്യം ചെയ്ത് പുതുക്കിയ പാളികളിലെ സ്വർണത്തിന്റെ അളവിലുണ്ടായ കുറവും കാലപ്പഴക്കവും നിർണയിക്കുകയായിരുന്നു വിഎസ്എസ്സി ചെയ്തത്. ഇതിന്റെ റിപ്പോർട്ടിലാണ് എസ്ഐടി വ്യക്തത തേടുന്നത്.
അതേസമയം സ്വര്‍ണക്കൊള്ള കേസിലെ രണ്ടാം പ്രതി ദേവസ്വം ബോര്‍ഡ് മുൻ അഡ്മിനിസ്ട്രേറ്ററായിരുന്ന മുരാരി ബാബുവിന്റെ മൊഴി ഇന്ന് ഇ.ഡി രേഖപ്പെടുത്തും. ശബരിമല സ്വർണക്കൊള്ളയിൽ 90 ദിവസം റിമാൻഡിൽ കഴിഞ്ഞ ശേഷം ജാമ്യം ലഭിച്ച് പുറത്തുവന്നിരിക്കെയാണ് മുരാരി ബാബുവിനെ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൊഴി രേഖപ്പെടുത്താനായി വിളിപ്പിക്കുന്നത്. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു.
















