Homepage Featured Kerala News

‘സുനിത വില്യംസിന് അതിരുകളും മതിലുകളുമില്ലാതെ ലോകത്തെ കാണാൻ കഴിഞ്ഞു’; ‘ഭൂഗോളത്തെ ഒന്നായി കണ്ട ധീര വനിത’യെ നേരിട്ടുകണ്ട് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സയ്യിദ് സാദിഖലി ഷിഹാബ് തങ്ങളോടൊപ്പം സുനിത വില്യംസിനെ സന്ദർശിച്ച് കുഞ്ഞാലിക്കുട്ടി. ബഹിരാകാശ സഞ്ചാരിയായ സുനിത വില്യംസിന് അതിരുകളും മതിലുകളുമില്ലാതെ ലോകത്തെ കാണാൻ കഴിഞ്ഞുവെന്നും ആ തിരിച്ചറിവ് അവരിൽ പ്രകടമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭൂഗോളത്തെ ഒന്നായി കണ്ട ധീര വനിതയോടൊപ്പം ചെലവഴിച്ച നിമിഷങ്ങളിൽ കുഞ്ഞാലിക്കുട്ടി സന്തോഷം പ്രകടിപ്പിച്ചു.

കേട്ട് മാത്രമറിഞ്ഞ ആകാശ വിസ്മയങ്ങളിലേക്ക് ചിറക് വിരിച്ച് പറന്ന മനുഷ്യനാണ് സുനിത വില്യംസെന്ന് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. സയ്യിദ് സാദിഖലി ഷിഹാബ് തങ്ങളോടൊപ്പം ആകാശങ്ങൾക്കപ്പുറത്തെ ആശ്ചര്യങ്ങൾ കേൾക്കാനിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സുനിതയുടെ വിനയവും ലാളിത്യവും തന്നെ വിസ്മയിപ്പിച്ചെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു. ‘സുനിത വില്യംസിനൊപ്പം ചിലവഴിച്ച സമയമത്രയും കൗതുകവും, വിസ്മയവും ഒക്കെ ചേർന്ന വല്ലാത്തൊരു അനുഭവമായിരുന്നു. എന്തുമാത്രം പ്രചോദനവും ധൈര്യവുമാണ് അവർ മനുഷ്യ കുലത്തിനാകെ പകർന്നു തന്നത്. കേട്ടാലും അറിഞ്ഞാലും മതി വരാത്ത അത്ഭുത കഥകളെപ്പോലെ തന്നെ വിസ്മയിപ്പിച്ചു സുനിതയുടെ വിനയവും ലാളിത്യവും. അതിരുകളും മതിലുകളുമില്ലാതെ ഈ മണ്ണിനെ കാണാൻ കഴിഞ്ഞൊരാളുടെ തിരിച്ചറിവ് അവരിൽ പ്രകടമായിരുന്നു.’- കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കാഴ്ചകൾ വിശാലമാകുമ്പോഴാണ് നമ്മുടെ കാഴ്ചപ്പാടുകൾ മനോഹരമാകുന്നതെന്ന് കഴിഞ്ഞ ദിവസത്തെ സുനിതയുടെ സംസാരം നമ്മെ ബോധിപ്പിച്ചിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി ഓർമിപ്പിച്ചു. ശാസ്ത്ര സാങ്കേതിക പരിജ്ഞാനം മാത്രമല്ല മാനവിക മൂല്യങ്ങളുടെ തത്വങ്ങളും നമുക്ക് സുനിതയിൽ നിന്ന് പഠിച്ചെടുക്കാമെന്ന് അദ്ദേഹം പറയുന്നു.

Related Posts