പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ ഹർജിയിൽ വിധി ഇന്ന്. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ഇന്ന് വിധി പറയുക. ജാമ്യ ഹർജിയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ക്രൂര പീഡനമാണ് പരാതിക്കാരി നേരിട്ടതെന്നും രാഹുൽ സമാനമായ മറ്റു രണ്ട് കേസുകളിലും പ്രതിയാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് ആയിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ വാദിച്ചത്.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന മൂന്നാമത്തെ പരാതിയിൽ രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ രണ്ടാഴ്ച്ചയായി ജയിലിലാണ് എംഎൽഎ. വിദേശത്ത് താമസിക്കുന്ന മലയാളി യുവതിയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പരാതി നൽകിയത്. പൊലീസ് രഹസ്യ നീക്കത്തിലൂടെയാണ് ഇയാളെ പിടികൂടിയത്. ബലാത്സംഗത്തിനും മാനസിക പീഡനത്തിനും പുറമെ ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്നും കേസുണ്ട്.
രാഹുലിന് എതിരെ പുറത്തുവന്ന എല്ലാ കേസുകളിലും സമാന ആരോപണങ്ങളാണ് രാഹുലിനെതിരെ ഉയർന്നത്. വിവാഹ വാഗ്ദാനം നൽകി ബന്ധം സ്ഥാപിക്കുക, കുഞ്ഞ് വേണമെന്ന് പറഞ്ഞ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക, ഗർഭിണി ആകുമ്പോൾ ഭീഷണപ്പെടുത്തി ബന്ധം അവസാനിപ്പിക്കുക എന്നതാണ് രാഹുലിന്‍റെ രീതി. രാഹുൽ ഒരു സ്ഥിരം കുറ്റവാളി (ഹാബിച്ചൽ ഒഫൻഡർ) ആണെന്ന ഗുരുതര പരാമർശം എസ്ഐടിയുടെ അറസ്റ്റ് റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
















