തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്റെ ചുമതലയിലേയ്ക്ക് കൊടിക്കുന്നിൽ സുരേഷ്, കെസി ജോസഫ് എന്നിവരെ പരിഗണിക്കുമെന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയാകുന്നതോടെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, അധ്യക്ഷന്റെ ചുമതല കൈാറുന്നതിനെ തുടർന്നാണ് പുതിയ തീരുമാനം.
ആന്റോ ആന്റണി, ഷാഫി പറമ്പിൽ എന്നിവരെയും പരിഗണിക്കണമെന്ന അഭിപ്രായമുണ്ട്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷമാകും ചുമതലാ കൈമാറ്റം. രമേശ് ചെന്നിത്തലയെ പ്രചാരണ സമിതി അധ്യക്ഷനാക്കണമെന്നാണ് നേതാക്കളുടെ നിര്‍ദ്ദേശം.
പേരാവൂരിലാണ് സണ്ണി ജോസഫ് വീണ്ടും ജനവിധി തേടുന്നത്. നേരത്തെ കെപിസിസി അധ്യക്ഷ പദത്തിലേയ്ക്ക് പരിഗണനാ പട്ടികയിലുണ്ടായിരുന്നയാളാണ് പ്രവര്‍ത്തക സമിതി അംഗവും എംപിയുമായ കൊടിക്കുന്നിൽ സുരേഷ്.
നിയമസഭയിലേയ്ക്ക് മത്സരിക്കാൻ കൊടിക്കുന്നിലിനും താല്പര്യമുണ്ടെങ്കിലും എംപിമാരെ മത്സരിപ്പിക്കേണ്ടെന്നതാണ് പൊതുധാരണ. അതേസമയം സണ്ണി ജോസഫ് അടക്കമുള്ള ഭൂരിപക്ഷം സിറ്റിങ് എംഎൽഎമാരെയും വീണ്ടും മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്.
















