Homepage Featured Kerala News

തൊണ്ടിമുതൽ മാറ്റി പ്രതിയെ രക്ഷിച്ച കേസ്; ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് പരി​ഗണിക്കും

തിരുവനന്തപുരം: തൊണ്ടിമുതൽ മാറ്റി പ്രതിയെ രക്ഷിച്ച കേസിൽ മൂന്ന് വർഷത്തെ തടവ് ശിക്ഷ ലഭിച്ച പ്രതി ആൻ്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരി​ഗണിക്കും. തടവുശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ആന്റണി രാജു കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അപ്പീൽ പരിഗണിക്കുക.

1990-ലെ മയക്കു മരുന്ന് കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിയുടെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചെന്ന കേസിൽ കോടതി ആന്റമി രാജുവിനെ 3 വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. കുറ്റപത്രം നൽകി 19 വർഷങ്ങള്‍ക്ക് ശേഷമാണ് കേസിൽ വിധി വന്നത്. ഈ വിധി വന്നതോടെ 2026 ജനുവരി 3 മുതൽ ആന്റണി രാജു നിയമസഭാംഗത്വത്തിൽ നിന്നും അയോഗ്യനായിരുന്നു.

അടിവസ്ത്രത്തിൽ ലഹരി വസ്തു ഒളിപ്പിച്ച് കേരളത്തിലെത്തിയ ഓസ്ട്രേലിയൻ പൗരൻ സാൽവദോർ സാർലി 1990 ഏപ്രില്‍ 4ന് അറസ്റ്റിലായി. ഇയാളെ രക്ഷിക്കാൻ ആൻ്റണി രാജുവും കോടതി ക്ലർക്ക് ജോസും തൊണ്ടിമുതലിൽ തിരിമറി നടത്തുകയായിരുന്നു. 19 വർഷങ്ങൾക്ക് ശേഷം തൊണ്ടിമുതൽ മാറ്റിയ കേസിൽ നെടുമങ്ങാട് ഒന്നാം മജിസ്ട്രേറ്റ് കോടതി ഇരുവരേയും 3 വർഷം തടവിന് ശിക്ഷിച്ചു.

തെളിവ് നശിപ്പിക്കൽ, കള്ളത്തെളിവ് ഉണ്ടാക്കൽ, ഗൂഢാലോചന, വ്യാജ രേഖ ചമയ്ക്കൽ എന്നിവയ്ക്കായിരുന്നു ഇവരെ ശിക്ഷിച്ചത്. വിദേശ പൗരനെ രക്ഷിക്കാൻ കോടതിയിൽ നൽകിയ പ്രതിയുടെ അടിവസ്ത്രം ക്ലർക്കിന്‍റെ സഹായത്തോടെ കോടതിയിൽ നിന്ന് പുറത്തേക്കെടുത്ത് വെട്ടി ചെറുതാക്കിയ കേസിലായിരുന്നു ശിക്ഷ.

Related Posts