എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിൽ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ ദുർഗകാമി മരണത്തിന് കീഴടങ്ങി. ഡിസംബർ 22 നായിരുന്നു ഹൃദയശസ്ത്രക്രിയ നടന്നത്. മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശിയുടെ ഹൃദയം നേപ്പാൾ സ്വദേശിനിയായ ദുർഗകാമിക്ക് നൽകുകയായിരുന്നു. വലിയ നിയമ പോരാട്ടങ്ങൾക്ക് ഒടുവിലായിരുന്നു നേപ്പാൾ സ്വദേശിനിക്ക് ഇന്ത്യയിലെ ഒരു സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് അനുമതി ലഭിച്ചത്. ജനിതകരോഗത്തെത്തുടർന്നായിരുന്നു ദുർഗയുടെ ഹൃദയശസ്ത്രക്രിയ നടത്തേണ്ടിവന്നത്.
22 വയസ് മാത്രം പ്രായമുള്ള ദുർഗകാമിക്ക് ഒരു സഹോദരൻ മാത്രമാണുള്ളത്. അച്ഛനും അമ്മയും ഇതേ ജനികതരോഗത്തെത്തുടർന്ന് നേരത്തേ മരണത്തിന് കീഴടങ്ങിയിരുന്നു. കേരളത്തിന്റെ ആരോഗ്യ സംവിധാനങ്ങളിൽ ഏറെ പ്രതീക്ഷയുണ്ടെന്നും കേരളത്തിലെത്തി നേരിട്ട് ബോധ്യപ്പെട്ടുവെന്നും ദുർഗാകാമി നേരത്തേ പ്രതികരിച്ചിരുന്നു. ഹൃദയമാറ്റശസ്ത്രക്രിയയ്ക്ക് ശേഷം ഒരുമാസത്തോളം കഴിഞ്ഞാണ് ദുർഗ മരണത്തിന് കീഴടങ്ങിയത്.
മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശിയായ യുവാവിൻ്റെ ഹൃദയം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എയർ ആംബുലൻസിലായിരുന്നു കൊച്ചിയിലേക്ക് എത്തിച്ചത്. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ വച്ച് ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നു. കൊല്ലം ഇടവട്ടം ചിറക്കര സ്വദേശി ഷിബുവിന്റെ (47) ഹൃദയമാണ് നേപ്പാൾ സ്വദേശിനിയായ ദുർഗയ്ക്ക് നൽകിയത്. ഷിബുവിൻ്റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയം, രണ്ട് നേത്ര പടലങ്ങൾ, ചര്‍മ്മം എന്നിവയും ദാനം ചെയ്തിരുന്നു.
















