Homepage Featured Kerala News

അടുത്ത നാല് ദിവസം ബാങ്കില്ല, അടിയന്തര ഇടപാടുകൾ ഇന്നു തന്നെ നടത്തുക

തിരുവനന്തപുരം: അടുത്ത നാല് ദിവസം ബാങ്കില്ല. ഇടപാടുകൾ നടത്താനുള്ളവർ ഇന്നു തന്നെ നടത്തുക. നാലാം ശനിയും ഞായറും റിപ്പബ്ലിക് ദിനവും ബാങ്കുകൾക്ക് അവധിയാണ്. പിന്നാലെ ജനുവരി 27ന് ബാങ്ക് ജീവനക്കാർ അഖിലേന്ത്യാ പണിമുടക്ക് നടത്തുകയാണ്. അതിനാൽ തുടർച്ചയായി നാല് ദിവസം ബാങ്ക് ഇടപാടുകൾ നടത്താനാവില്ല. എടിഎമ്മുകൾ പ്രവർത്തിക്കുമെങ്കിലും പണിമുടക്ക് ദിവസം പണം നിറയ്ക്കുന്ന ജോലികളിൽ തടസ്സം നേരിട്ടേക്കാം.

ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന അറിയിച്ചു. ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാണ് ആവശ്യം. നിലവിൽ ഞായറാഴ്ചകൾ കൂടാതെ ഓരോ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് ബാങ്ക് ജീവനക്കാർക്ക് അവധിയുള്ളത്.

ബാക്കിയുള്ള ശനിയാഴ്ചകൾ കൂടി അവധിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്‍റെ (യു എഫ് ബി യു) നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാർ പണിമുടക്കുക. ശനിയാഴ്ചകൾ അവധിയായി പ്രഖ്യാപിക്കുന്ന കാര്യത്തിൽ കഴിഞ്ഞ വർഷം മാർച്ചിലെ ശമ്പള പരിഷ്കരണ കരാറിനിടെ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും തമ്മിൽ ധാരണയിലെത്തിയിരുന്നു. എന്നാൽ ഇത് നടപ്പായില്ലെന്നാണ് പരാതി.

Related Posts