ആമസോണിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ. ജനുവരി 27 മുതൽ ടെക് ഭീമനായ ആമസോൺ ഏകദേശം 16000 പേരെ കൂടി പിരിച്ചുവിടുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. വരും മാസങ്ങളിൽ ഏകദേശം 30,000 ജോലികൾ വെട്ടിക്കുറയ്ക്കാൻ ആമസോൺ പദ്ധതിയിടുന്നതായി ഒക്ടോബറിൽ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
ആദ്യ ഘട്ടത്തിൽ 14000 പേരെ പിരിച്ചുവിടുമെന്നായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്. ഇപ്പോൾ പിരിച്ചുവിടലിന്റെ രണ്ടാം ഘട്ടം തുടങ്ങാനിരിക്കുകയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ബ്ലൈൻഡിലെ പോസ്റ്റുകൾ പ്രകാരം ജനുവരി 27 ഓടെ കമ്പനി പിരിച്ചുവിടൽ പ്രഖ്യാപിക്കും. ജനുവരി 9-ലെ ന്യൂസ് വീക്ക് റിപ്പോർട്ടിൽ പറയുന്നത് ഏകദേശം 1000 മുതൽ 2000 വരെ ആമസോൺ ജീവനക്കാർക്ക് മുന്നറിയിപ്പ് നോട്ടീസുകൾ ലഭിച്ചിട്ടുണ്ടെന്നാണ്. എന്നിരുന്നാലും, ആമസോൺ പുതിയ പിരിച്ചുവിടലുകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
എ ഐയുടെ കടന്നു വരവാണ് ഈ പുതിയ പിരിച്ചുവിടൽ നടപടിയ്ക്ക് കാരണമെന്നാണ് സൂചന. പുറത്തു വരുന്ന റിപ്പോർട്ടുകൾ സത്യമാണെങ്കിൽ, ഈ നീക്കം ആമസോണിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ പിരിച്ചുവിടലിൽ ഒന്നായിരിക്കും. 2023-ൽ കമ്പനി ഒഴിവാക്കിയ 27000 ആസ്തികൾക്ക് പുറമെയാണിത്.
ഏറ്റവും ശ്രദ്ധേയമായ കാര്യം, ആമസോണിന്റെ പ്രാഥമിക ലാഭ സ്രോതസായ ആമസോൺ വെബ് സർവീസസിലും (AWS) പിരിച്ചുവിടലുകൾ എത്തുന്നുണ്ടെന്നാണ്. മാനേജ്മെൻറ് തലത്തിലുള്ള അനാവശ്യ തസ്തികകൾ കുറയ്ക്കുന്നതിനെ കുറിച്ച് സി.ഇ.ഒ ആൻഡി ജാൻസി നേരത്തെ തന്നെ സൂചനകൾ നൽകിയിരുന്നു. കഴിഞ്ഞ ഒരു വർഷമായി കുറഞ്ഞ ആളുകളെ കൊണ്ട് കൂടുതൽ ജോലി ചെയ്യിപ്പിക്കുക എന്ന നയമാണ് കമ്പനി പിന്തുടർന്നിരുന്നത്.
ആമസോണിന്റെ കോവിഡ് കാലഘട്ടത്തിലെ പിരിച്ചുവിടലുകൾ പ്രധാനമായും റീട്ടെയിൽ, വെയർഹൗസ് മേഖലകളിലായിരുന്നു. വരാനിരിക്കുന്ന പിരിച്ചുവിടൽ ഉയർന്ന ശമ്പളമുള്ള കോർപ്പറേറ്റ് റോളുകളിൽ കേന്ദ്രീകരിക്കുമെന്നാണ് വിലയിരുത്തുന്നത്. ആമസോണിന്റെ എച്ച്.ആർ വിഭഗമായ പീപ്പിൾ എക്സ്പീരിയൻസ് ആൻഡ് ടെക്നോളജി (പിഎക്സ്ടി) വിഭാഗത്തിലായിരിക്കും കൂടുതൽ ആഘാതമുണ്ടാവുക.
യുഎസ് നിയമപ്രകാരം കൂട്ട പിരിച്ചുവിടലുകൾ നടത്തുമ്പോൾ കമ്പനികൾ ജീവനക്കാർക്ക് 60 ദിവസം മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്. ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള ടീമുകളെ ഈ പിരിച്ചുവിടൽ ബാധിക്കുമെന്നതിനാൽ ഇതിൻറെ വ്യാപ്തി വളരെ വലുതായിരിക്കും.
















