കൊച്ചി: കിറ്റെക്സ് ഉടമ സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വെന്റി 20 എൻഡിഎയിലേക്ക്. കിഴക്കമ്പലം ആസ്ഥാനമായുള്ള ട്വന്റി 20 പാർട്ടി ബിജെപിയുമായി ചേർന്ന് സംയുക്ത വാർത്താസമ്മേളനം നടത്തി. ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ട്വെന്റി 20 അധ്യക്ഷൻ സാബു എം ജേക്കബുമായി ചേർന്നാണ് സംയുക്ത വാർത്താസമ്മേളനം നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നേറ്റം ലക്ഷ്യമിട്ടാണ് ബി ജെ പി – ട്വന്‍റി 20 സഖ്യം രൂപീകരിച്ചിരിക്കുന്നത്.
രാഷ്ട്രീയ പാർട്ടികൾ വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ വേണ്ടെന്നാണ് പറഞ്ഞതെന്നും സംയുക്തവാർത്താസമ്മേളനത്തിൽ സാബു എം ജേക്കബ് പറഞ്ഞു. തങ്ങളുടെ വികസന കാഴ്ചപ്പാടിന് അനുകൂലമായി നിൽക്കുന്ന ഒരേയൊരു പാർട്ടി ബിജെപിയാണെന്ന് സംയുക്ത വാർത്താസമ്മേളനത്തിൽ ട്വെന്റി 20 അധ്യക്ഷൻ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്തെത്തുമ്പോൾ സാബു ജേക്കബും വേദിയിലുണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖർ പറയുന്നു. അമിത് ഷാ സാബുവുമായി നേരത്തേ ചർച്ച നടത്തിയിരുന്നു.
















