Homepage Featured Kerala News

അടിയന്തിര പ്രമേയത്തിന് അപേക്ഷ നൽകാതെ പ്രതിപക്ഷം; വിഷയം ചർച്ച ചെയ്യേണ്ടി വരുമെന്ന ഭയമെന്ന് എംബി രാജേഷ്, നിയമസഭയിൽ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇന്ന് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് അപേക്ഷ നൽകുമെന്നായിരുന്നു നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നത്. എന്നാൽ പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നിയമസഭയിൽ അപേക്ഷ സമർപ്പിക്കാൻ തയ്യാറായില്ല. അതേസമയം ദേവസ്വം മന്ത്രി രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടു. അടിയന്തിര പ്രമേയത്തിന് അപേക്ഷ സമർപ്പിക്കാത്തത് പ്രതിപക്ഷത്തിന് വിഷയം ചർച്ച ചെയ്യേണ്ടി വരുമെന്ന ഭയമുള്ളത് കൊണ്ടാണെന്ന് മന്ത്രി എംബി രാജേഷ് ആരോപിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇഡി സ്വത്ത് കണ്ടുകെട്ടൽ അടക്കമുള്ള നടപടികളിലേക്ക് കടക്കുമ്പോഴും പ്രതിപക്ഷം നിയമസഭയിൽ അടിയന്തിര പ്രമേയത്തിന് അപേക്ഷ നൽകിയില്ല. അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. എ പത്മകുമാർ സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാകമ്മിറ്റി അം​ഗമാണ്. ഇത് പ്രതിപക്ഷം സഭയിൽ ആയുധമാക്കിയേക്കും എന്നും നേരത്തേ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അതേസമയം ശബരിമലയിലെ വിവാദമായ വാജിവാഹന കൈമാറ്റത്തിലേക്ക് നയിച്ച കൊടിമര മാറ്റത്തിൽ തീരുമാനമെടുത്തത് കോൺ​ഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന അഡ്വ. എംപി ഗോവിന്ദന്‍ നായർ അധ്യക്ഷനായ ദേവസ്വം ബോർഡ് തീരുമാനിച്ചാണെന്നും മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതോടെയാണ് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിലേക്ക് കടക്കുന്നതിൽ നിന്ന് വിട്ടുനിന്നതെന്നാണ് സൂചന.

സഭ തുടങ്ങിയതോടെ അടിയന്തിര പ്രമേയത്തിന് തയ്യാറായില്ലെങ്കിലും പ്ലക്കാർഡ് ഉയർത്തി പ്രതിപക്ഷം ശബരിമല വിഷയത്തിൽ പ്രതിഷേധിച്ചു. എസ്ഐടിക്ക് മേൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ സമ്മർദ്ദം ഉണ്ടെന്ന് ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദം അവസാനിപ്പിക്കണമെന്നും ദേവസ്വം മന്ത്രി രാജി വെക്കണമെന്നും വിഡി സതീശൻ പറഞ്ഞു. അതേസമയം പ്രതിപക്ഷം തിണ്ണമിടുക്ക് കാണിക്കുകയാണെന്ന് എംബി രാജേഷ് കുറ്റപ്പെടുത്തി. തുടർന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.

ഭരണപക്ഷ എംഎൽഎമാരും എഴുന്നേറ്റതോടെ സഭയിൽ രൂക്ഷമായ വാദപ്രതിവാദം നടന്നു. ‘പോറ്റിയേ കേറ്റിയേ’ എന്ന പാട്ടുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. ‘സ്വർണ്ണം കട്ടത് ആരപ്പാ..കോൺഗ്രസ് ആണ് അയ്യപ്പാ.. ’എന്ന് തിരിച്ചു പാടി ഭരണപക്ഷവും പ്രതിരോധിച്ചു. സ്വ‍ർണം കട്ടത് ആരപ്പാ എന്ന് അടൂർ പ്രകാശിനോട് ചോദിക്കൂവെന്ന് എംബി രാജേഷ് പറഞ്ഞു. പ്രതിഷേധത്തിനിടെ ബാനർ ഉയർത്തി സ്പീക്കറുടെ ഇരിപ്പിടം പ്രതിപക്ഷ എംഎൽഎമാർ മറച്ചു. തുടർന്ന് സഭ തടസ്സപ്പെടുകയും ചെയ്തു. ഇനി ചൊവ്വാഴ്ചയാണ് സഭ ചേരുക.

Related Posts