കോട്ടയം: തുഷാർ വെള്ളാപ്പള്ളി ഈ ആഴ്ച തന്നെ എൻഎസ്എസ് ആസ്ഥാനത്തെത്തും. എൻഎസ്എസ്-എസ്എൻഡിപി ഐക്യത്തിൽ തുടർ ചർച്ചകൾക്കായിട്ടാണ് തുഷാറിന്റെ സന്ദർശനം. തുഷാർ വെള്ളാപ്പള്ളിയും ജി സുകുമാരൻ നായരും തമ്മിൽ ഫോണിൽ സംസാരിച്ചു.
തുഷാർ പെരുന്നയിലെത്തി ഔദ്യോഗികമായി സമുദായ ഐക്യം അറിയിച്ചതിനുശേഷം എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം ചേരും. മുഴുവൻ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും എസ്എൻഡിപി എൻ എസ് എസ് ഐക്യത്തോട് യോജിപ്പാണ്. സുകുമാരൻ നായരുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ മുന്നോട്ടു വെക്കേണ്ട കാര്യങ്ങൾ സംബന്ധിച്ചും എസ്എൻഡിപി യോഗം ധാരണയിൽ എത്തിയിട്ടുണ്ട്.
അതേസമയം ഇന്ന് തന്നെ പെരുന്നയിൽ എത്തി സുകുമാരൻ നായരെ കാണണമെന്നായിരുന്നു എസ്എൻഡിപി യോഗം തുഷാർ വെള്ളാപ്പള്ളിക്ക് നൽകിയ നിർദ്ദേശം. എന്നാൽ തിരുവനന്തപുരത്ത് എൻഡിഎ യോഗം നടക്കുന്നതിനാൽ തുഷാർ വെള്ളാപ്പള്ളി ഇന്ന് എത്തിയില്ല. നാളത്തെ പ്രധാനമന്ത്രിയുടെ സന്ദർശനം കൂടി കഴിഞ്ഞതിന് ശേഷമായിരിക്കും തുഷാർ പെരുന്നയിൽ എത്തി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തുക.
















