കൊല്ലം: ക്ഷേത്ര പരിപാടിയ്ക്കിടെ വളർത്തു നായയുമായി എത്തി ഗുണ്ടാ നേതാവിന്റെ പരാക്രമം. പത്തനാപുരം സ്വദേശി സജീവ് ആണ് ക്ഷേത്രത്തിൽ തന്റെ അൽസേഷ്യൻ നായയുമായി എത്തി സംഘർഷം സൃഷ്ടിച്ചത്. പിടവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിനിടെയാണ് മണ്ണ് മാഫിയ സംഘത്തിലെ തലവനായ ഗുണ്ടാ നേതാവ് പരാക്രമം കാട്ടിയത്. സജീവനെതിരെ ഗുണ്ടാ നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
പൊലീസുകാരെ വണ്ടിയിടിപ്പിച്ച് പരുക്കേൽപ്പിക്കുകയും പൊലീസ് വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. ആക്രമണത്തിൽ സിവിൽ പൊലീസ് ഓഫീസർ അനീഷ് മോഹനന് പരുക്കേറ്റു. ഇദ്ദേഹത്തെ പത്തനാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെ സജീവ് തന്റെ ഓഫ് റോഡ് വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. ആക്രമണത്തിൽ പൊലീസ് ജീപ്പിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ആക്രമണത്തിന് പിന്നാലെ സജീവ് ഓടി രക്ഷപ്പെട്ടു. പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും സജീവിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു.
















