Homepage Featured Kerala News

എസ്എൻഡിപി- എൻഎസ്എസ് ഐക്യത്തിന് പച്ചക്കൊടി; മലപ്പുറം ആരുടേയും സാമ്രാജ്യമല്ലെന്ന് പ്രമേയം; സ്വാ​ഗതം ചെയ്ത് സുകുമാരൻ നായർ

ആലപ്പുഴ: എസ്എൻഡിപി- എൻഎസ്എസ് ഐക്യത്തിന് പച്ചക്കൊടിയുമായി എസ്എൻഡിപി യൂണിയൻ കൗൺസിൽ യോ​ഗം. നായർ മുതൽ നായാടി വരെയുള്ള വിശാല ഐക്യത്തിന് എൻഎസ്എസുമായി സഹകരിക്കാൻ എസ്എൻഡിപി തയ്യാറാണെന്നും യോ​ഗം വ്യക്തമാക്കി.ലീഗിനെതിരെ പ്രമേയം പാസാക്കിക്കൊണ്ടാണ് എസ്എൻഡിപി കൗൺസിൽ യോ​ഗം ആലപ്പുഴയിൽ ചേർന്നത്.

ലീ​ഗ് ഒഴികെ എല്ലാ രാഷ്ട്രീയ കക്ഷികളുമായും സമുദായിക സംഘടനകളുമായും ചർച്ചയ്ക്ക് തയ്യാറാകുമെന്നും ലീ​ഗുമായി സഹകരിക്കാൻ തയ്യാറല്ലെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. മലപ്പുറം ആരുടേയും സ്വകാര്യ സാമ്രാജ്യമല്ലെന്നും യോ​ഗത്തിൽ പ്രമേയം പാസായി. സജി ചെറിയാൻ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ ഖേദം പ്രകടിപ്പിച്ചത് തെറ്റെന്ന് യോ​ഗം വിലയിരുത്തി. എസ്എൻഡിപി യോ​ഗത്തിന് ഒരു സമുദായത്തിനോടും വിയോജിപ്പില്ലെന്ന് വെള്ളാപ്പള്ളി നടേശൻ യോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. ലീ​ഗിനെതിരെ പറഞ്ഞ അഭിപ്രായം മുസ്ലീം സമുദായത്തിനെതിരെയുള്ള അഭിപ്രായമായി വ്യാഖ്യാനിക്കാനാണ് ശ്രമിച്ചത്.

മുസ്ലീം സമുദായങ്ങളെ ആക്ഷേപിക്കുന്നത് ഞങ്ങളുടെ ശൈലിയല്ല. എല്ലാ സമുദായങ്ങളോടും ജാതിഭേതമന്യേ തന്നെയാണ് എസ്എൻഡിപിയുടെ പ്രതികരണമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. അഭിപ്രായങ്ങളെ മതധ്രുവീകരണത്തിനുള്ള ആയുധമാക്കുകയാണ് ലീ​ഗ്. എൻഎസ്എസുമായി സഹകരിക്കുന്നതിന് മുൻകൈ എടുത്തത് സുകുമാരൻ നായരാണ്. മുഖ്യമന്ത്രിയുടെ കാറിൽ ഞാൻ കയറിയത് വിവാദമാക്കിയത് ലീ​ഗാണ്. എന്നാൽ എല്ലാ പിന്തുണ നൽകിയതും കാറിൽ കയറിയതിൽ എന്താണ് തെറ്റെന്ന് പറ‍ഞ്ഞതും സുകുമാരൻ നായരാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.

പെരുന്നയിലേക്ക് സ്വാ​ഗതം ചെയ്ത് സുകുമാരൻ നായർ

എസ്എൻഡിപി- എൻഎസ്എസ് ഐക്യത്തോട് യോജിപ്പെന്ന് അറിയിച്ച്
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും രം​ഗത്തെത്തി. എസ്എൻഡിപി നിർണായക യോ​ഗത്തിന് പിന്നാലെയാണ് ജി സുകുമാരൻ നായർ പെരുന്നയിൽ മാധ്യമങ്ങളെ കണ്ടത്. എസ്എൻഡിപി യോ​ഗത്തെ പെരുന്നയിലേക്ക് സ്വാ​ഗതം ചെയ്താണ് സുകുമാരൻ നായർ ഐക്യത്തിനുള്ള പിന്തുണ അറിയിച്ചത്.

തുഷാറിനെ മകനെ പോലെ പെരുന്നയിലേക്ക് സ്വീകരിക്കും. രാഷ്ട്രീയക്കാരനായി പ്രവേശിപ്പിക്കില്ലെന്നും സുകുമാരൻ നായർ പ്രതികരിച്ചു. ഡയറക്ടർ ബോർഡിലുള്ള എല്ലാ അംഗങ്ങളും പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്തി. ഉപാധികളോടെയാണ് ഐക്യത്തിനുള്ള പിന്തുണ അറിയിക്കുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു.

സമദൂര നിലപാടിൽ തന്നെയാണ് എൻഎസ്എസ് ഉറച്ചു നിൽക്കുന്നത്. സിപിഎമ്മിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് സമദൂര നിലപാട് തന്നെ- സുകുമാരൻ നായർ ആവർത്തിച്ചു. സമുദായ ഐക്യത്തിൽ ആശങ്ക രാഷ്ട്രീയപാർട്ടികൾക്ക് മാത്രമാണെന്നും സുകുമാരൻ നായർ ആവർത്തിച്ചു.

Related Posts