വയനാട്: ബ്രഹ്മഗിരിയിൽ ലക്ഷങ്ങളുടെ കള്ളപ്പണം നിക്ഷേപിച്ചെന്ന് വെളിപ്പെടുത്തൽ സൊസൈറ്റിയിലെ ജീവനക്കാരൻ നൗഷാദിന്റെ വെളിപ്പെടുത്തൽ. സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്‌മെൻ്റ് സൊസൈറ്റിയിൽ ചാക്കിൽ കള്ളപ്പണം കടത്തി ബ്രഹ്മഗിരിയിൽ എത്തിച്ചതിന് സാക്ഷിയാണ് താനെന്നും ചാക്കിൽ കൊണ്ടുവന്ന പണം ജീവനക്കാരുടെ അക്കൗണ്ടിലൂടെ ബ്രഹ്മഗിരിയിൽ നിക്ഷേപിച്ച് വെളുപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
ഗുരുതരമായ പല ക്രമക്കേടുകളും ബ്രഹ്മഗിരിയിൽ നടന്നിട്ടുണ്ടെന്നും ഏത് അന്വേഷണ ഏജൻസിക്ക് മുൻപിലും കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും നൗഷാദ് വ്യക്തമാക്കി. സൊസൈറ്റിയിലെ നിക്ഷേപകൻ കൂടിയായ നൗഷാദ്, തൻ്റെ പണം നൽകിയില്ലെങ്കിൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ ആത്മഹത്യ ചെയ്യുമെന്ന് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2021 ലേതെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ചില ചിത്രങ്ങൾ ഉൾപ്പെടെ നൗഷാദ് പുറത്തുവിട്ടിട്ടുണ്ട്.
















