ഡൽഹി: ഇന്ത്യ സന്ദർശിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. സന്ദർശനത്തിൽ നിർണ്ണായക ഇന്ത്യ-യുഎഇ കരാറുകളിൽ ധാരണയായെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സാമ്പത്തികം, പ്രതിരോധം, ടെക്നോളജി, ഊർജ്ജം തുടങ്ങിയവയുമായി ബന്ധപ്പെട്ട കരാറുകളിലാണ് ധാരണയായത്.
ജനുവരി 18 ന് വൈകിട്ട് 5 മണിയോടെ ഇന്ത്യയിലെത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മൂന്ന് മണിക്കൂർ മാത്രമാണ് ഇന്ത്യയിൽ തുടർന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തിൽ നേരിട്ടെത്തി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിനെ സ്വീകരിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിയും യുഎഇ പ്രസിഡൻറും ഒരേ കാറിലാണ് ലോക് കല്ല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പോയത്.
2030 ഓടെ ഇന്ത്യ-യുഎഇ ഉഭയകക്ഷി വ്യാപാരം 200 ബില്യൺ ഡോളറിലെത്തിക്കുക, എൽഎൻജി(ലിക്വിഡ് നാച്ചുറൽ ഗ്യാസ്) ഇറക്കുമതി വർദ്ധിപ്പിക്കുക എന്നിവയിൽ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. ആധുനിക ന്യൂക്ലിയർ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എന്നിവയിൽ കൈകോർക്കാനും പ്രതിരോധമേഖലയിൽ പരസ്പരം സഹകരിക്കാനും കരാറിൽ ധാരണയുണ്ട്.
അതിർത്തി കടന്നുള്ള ഭീകരവാദത്തെ ഇരുരാജ്യങ്ങലും അപലപിച്ചു. യുഎഇയുമായുള്ള കരാർ പ്രകാരം ഇന്ത്യയിൽ നിന്ന് കാർഷിക ഉൽപ്പന്നങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ കയറ്റുമതി ചെയ്യുന്നത് വർദ്ധിപ്പിക്കും. യുഎഇയിലെ ഫസ്റ്റ് അബുദാബി ബാങ്ക്, ഡിപി വേൾഡ് എന്നിവയുടെ ഓഫീസുകൾ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ തുറക്കാനും തീരുമാനമുണ്ട്.
















