കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ വ്യാപക റെയിഡുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 21 ഇടത്താണ് ഇ.ഡി ഒരേസമയം പരിശോധന നടത്തുന്നത്. തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി, എ പത്മകുമാര്‍, എൻ വാസു, മുരാരി ബാബു തുടങ്ങിയവരുടെ കേരളത്തിലെ വീടുകളിലും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധൻ, ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരി തുടങ്ങിയ സംസ്ഥാനത്തിനു പുറത്തുള്ളവരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്.
ആറന്മുളയിലെ എ പത്മകുമാറിന്റെ വീട്, തിരുവനന്തപുരത്തെ എൻ വാസുവിന്റെയും(പേട്ട) ഉണ്ണികൃഷ്ണൻ പോറ്റിയുടേയും(കിളിമാനൂര്‍ പുളിമാത്ത്) വീടുകൾ, മുരാരി ബാബുവിന്‍റെ കോട്ടയത്തെ വീട്ടിലുമാണ് റെയിഡ് നടക്കുന്നുണ്ട്. ശബരിമല മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയുടെ കൊച്ചിയിലെ ഫ്ലാറ്റിലും പരിശോധന നടക്കുന്നുണ്ട്. ശബരിമല സ്വര്‍ണക്കൊള്ളയിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ എസ്ഐടി നടത്തിയ അന്വേഷണത്തിൽ ഇതുവരെ 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് ഇ.ഡി റെയിഡും പുരോഗമിക്കുന്നത്.
















