Homepage Featured Kerala News

‘ഓപ്പറേഷൻ ​ഗോൾഡൻ ഷാഡോ’; എസ്ഐടിയുടെ വഴിയിൽ ഇ ഡിയും; ശബരിമല സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടും കള്ളപ്പണവും അന്വേഷിച്ച് റെയ്ഡ്

തിരുവനന്തപുരം: എസ്ഐടി ഇതുവരെ അറസ്റ്റ് ചെയ്തവരുടെയും പ്രതി ചേർത്തവരുടേയും വീടുകളിൽ രാവിലെ മുതൽ ആരംഭിച്ച റെയ്ഡ് തുടരുകയാണ്. എൻഫോഴ്സ്മെന്റ് സംഘം. എസ്ഐടി കേസുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെയും പ്രതി ചേർക്കപ്പെട്ടവരേയുമാണ് പ്രധാനമായും ഇഡി ഇന്നത്തെ റെയ്ഡിൽ ലക്ഷ്യമിട്ടത്. ‘ഓപ്പറേഷൻ ​ഗോൾഡൻ ഷാഡോ’ എന്ന് ഇഡി പേരിട്ട അന്വേഷണം പൂർണമായും രഹസ്യമായാണ് ആസൂത്രണം ചെയ്തതെന്നാണ് വിവരം.

സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടും കള്ളപ്പണം വെളുപ്പിക്കലും ആണ് ഇ.ഡി അന്വേഷിക്കുന്നത്. സംസ്ഥാന വ്യാപകമായും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ ചില ഭാ​ഗങ്ങളിലുമായാണ് അന്വേഷണത്തിന്റെ ഭാ​ഗമായ ഇന്നത്തെ റെയ്ഡ് പുരോ​ഗമിക്കുന്നത്. തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും ഇഡി സംഘമെത്തി പരിശോധന നടത്തി. കുറ്റകൃത്യത്തിലൂടെ നേടിയ സ്വത്തുക്കളുടെ വിവരം ഇ.ഡി കണ്ടെത്തും. രേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുക്കുന്നതും റെയ്ഡിന്റെ ലക്ഷ്യമാണ്.

ശബരിമല ദേവസ്വം ബോർഡ് മുൻ പ്രസിഡന്റായ എ പത്മകുമാറിന്റെ പത്തനംതിട്ടയിലെ വീട് , തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസു, കേസിലെ ഒന്നാം പ്രതി വെഞ്ഞാറമ്മൂട് കിളിമാനൂര്‍ പുളിമാത്ത് ഉള്ള ഉണ്ണികൃഷ്ണൻ പോറ്റി, ശബരിമല ദേവസ്വം ബോർഡ് മുൻ അംഗങ്ങളായിരുന്ന കെപി ശങ്കരദാസ്, എൻ വിജയകുമാര്‍, ശബരിമല മുൻ തിരുവാഭരണം കമ്മീഷണർ കെഎസ് ബൈജു എന്നിവരുടെ തിരുവനന്തപുരത്തെ വീടുകളിലും റെയിഡ് നടക്കുന്നുണ്ട്. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ വീട്ടിലും കേസിൽ അറസ്റ്റിലായില്ലെങ്കിലും പ്രതിപ്പട്ടികയിലുള്ള ശബരിമല മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയുടെ തിരുവല്ലയിലെ വീട്ടിലും പരിശോധന നടന്നു.

സ്വര്‍ണ വ്യാപാരി ഗോവര്‍ധന്റെ വീട്ടിലും റൊദ്ദാം ജ്വല്ലറിയിലും സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ വീട്ടിലും ഓഫിസിലും റെയ്ഡ് നടന്നു. അതേസമയം സ്വർണക്കൊള്ള കേസിലും വാജിവാഹനം കടത്തിയ കേസിലും സംശയനിഴലിലുള്ള തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇഡി പരിശോധനയ്ക്ക് എത്തിയില്ല. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബം​ഗളൂരുവിലെ ശ്രീറാംപുരയിലെ വീട്ടിലും ഇയാളുടെ സഹോദരിയുടെ വെഞ്ഞാറമൂട് വലിയ കട്ടയ്ക്കലിലെ വീട്ടിലും ഇഡി പരിശോധന ആരംഭിച്ചിട്ടുണ്ട്.

Related Posts