തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ഒഴിവാക്കിയ ഭാഗം അംഗീകരിച്ച് നിയമസഭ. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിൽ ചില ഭാഗങ്ങൾ ഗവർണർ വെട്ടിമാറ്റിയിരുന്നു. ഈ ഭാഗങ്ങളാണ് മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ച് നിയമസഭ അംഗീകരിച്ചത്.
നിയമസഭാ സമ്മേളനം ആരംഭിച്ച ആദ്യ ദിവസം തന്നെ ഗവർണറുടെ ഭാഗത്ത് നിന്ന് അസാധാരണ നടപടിയാണ് ഉണ്ടായത്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിൽ ഗവർണർ മാറ്റം വരുത്തി. കേന്ദ്രത്തിനെതിരെയുള്ള വിമർശനങ്ങളിൽ തിരുത്തൽ വരുത്തിയായിരുന്നു ഗവർണർ നയപ്രഖ്യാപനം സഭയിൽ അവതരിപ്പിച്ചത്.
എന്നാൽ ഗവർണർ വായിക്കാതെ വിട്ട ഭാഗം മുഖ്യമന്ത്രി സഭയിൽ വായിച്ചു. ഗവർണർ നിയമസഭയെ അഭിസംബോധന ചെയ്ത് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ ചില കൂട്ടിച്ചേർക്കലും ഒഴിവാക്കലും നടത്തിയതായി നിയമസഭാ അംഗങ്ങളുടേയും സ്പീക്കറുടേയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുമെന്ന് പറഞ്ഞ് മുഖ്യമന്ത്രി വിഷയം സഭയിൽ അവതരിപ്പിച്ചു. ഭരണഘടനയുടെ അന്തസ്സത്തയ്ക്കും സഭയുടെ കീഴ്വഴക്കങ്ങൾക്കും അനുസൃതമായി മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനമാണ് നിലനിൽക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അനുഛേദം 176 പ്രകാരം ഗവർണർ ഒരു വർഷത്തെ ആദ്യ നിയമസഭാസമ്മേളനം ചേരുമ്പോൾ സഭയെ അഭിസംബോധന ചെയ്യാറുണ്ട്. ഗവൺമെന്റിന്റെ നയപ്രഖ്യാനമാണ് ഗവർണർ ഇതിൽ വായിക്കുന്നത്. ഗവർണർ മാറ്റം വരുത്തിയ മന്ത്രിസഭ അംഗീകരിച്ച 12, 15, 16 ഖണ്ഡികകൾ അതേപടി നിലനിൽക്കുന്നതാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് നിരവധി തവണ സ്പീക്കറുടെ റൂളിങ് ഉണ്ടായിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടർന്നാണ് ഗവർണർ ഒഴിവാക്കിയ ഭാഗം മുഖ്യമന്ത്രി പിണറായി വിജയൻ പൂർണമായും സഭയിൽ വായിച്ചത്.
നയപ്രഖ്യാപനത്തിൽ ഗവർണർ ഒഴിവാക്കിയ ഖണ്ഡിക 12, ഖണ്ഡിക 15 എന്നിവയിലെ ഭാഗങ്ങൾ മുഖ്യമന്ത്രി സഭയിൽ വായിച്ചു. ഖണ്ഡിക 16 ൽ ചില വാക്കുകൾ കൂട്ടിച്ചേർത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവർണർ ഒഴിവാക്കിയ ഖണ്ഡിക 12 ലെ ഭാഗം
ഇത്തരം സാമൂഹ്യവും സ്ഥാപനപരവുമായ നേട്ടങ്ങൾ കൈവരിച്ച് ഭരണഘടനാപരമായ തത്വങ്ങളെ ദുർബലപ്പെടുത്തുന്ന യൂണിയൻ ഗവൺമെന്റിന്റെ തുടർച്ചയായ പ്രതികൂല നടപടികളുടെ ഭാഗമായി കേരളം ഗുരുതരമായ സാമ്പത്തിക ഞെരുക്കം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.
ഗവർണർ ഒഴിവാക്കിയ ഖണ്ഡിക 15 ലെ ഭാഗം
സംസ്ഥാന നിയസഭകൾ പാസ്സാക്കിയ ബില്ലുകൾ ദീർഘകാലമായി കെട്ടിക്കിടക്കുകയാണ്. ഈ വിഷയങ്ങളിൽ രണ്ടു സർക്കാരുകൾ സുപ്രീംകോടതിയെ സമീപിക്കുകയും അവ നിലവിൽ ഭരണഘടനാ ബഞ്ചിന് റഫർ ചെയ്തിരിക്കുകയുമാണ്.
ഖണ്ഡിക 16 അതേപടി ഗവർണർ വായിച്ചെങ്കിലും ഇതോടൊപ്പം ചില വാക്കുകൾ കൂട്ടിച്ചേർത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ”എന്റെ സര്‍ക്കാര്‍ കരുതുന്നു” എന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തതായാണ് മുഖ്യമന്ത്രി പറയുന്നത്.
ഖണ്ഡിക 16
നികുതി വിഹിതവും ധനകാര്യ കമ്മിഷൻ ഗ്രാൻഡുകളും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളാകുന്നതും ഔദാര്യമല്ലാത്തതും ഈ ചുമതല ഏൽപ്പിക്കപ്പെട്ടിട്ടുള്ള ഭരണഘടനാ സ്ഥാപനങ്ങൾക്കുമേലുള്ള ഏതൊരു സമ്മർദ്ദവും ഫെഡറൽ തത്വങ്ങളെ ദുർബലപ്പെടുത്തുന്നതുമാണ്.
















