ചെന്നൈ: വിജയ് ചിത്രം ജനനായകന് സെൻസർ ബോർഡ് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട കേസ് ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. രാവിലെ പതിനൊന്നരയോടെയാണ് കോടതി കേസ് പരിഗണിക്കുക. സെൻട്രൽ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷൻ (സിബിഎഫ്‍സി) നൽകിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. ജനനായകന് പ്രദർശനാനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവിനെതിരെയാണ് സിബിഎഫ്‍സിയുടെ അപ്പീൽ.
ജനുവരി 9 ന് റിലീസ് ചെയ്യാനിരുന്ന വിജയ് ചിത്രം നിലവിൽ കേസുകളിൽ കുടുങ്ങിക്കിടക്കുകയാണ്. പുറത്തിറങ്ങുന്നതിന് ദിവസങ്ങൾക്കുമുമ്പ് സെൻസർ ബോർഡ് ചിത്രത്തിന്റെ പുന:പരിശോധന റിവൈസ് കമ്മിറ്റിക്ക് വിട്ടതോടെയാണ് റിലീസ് തടസ്സപ്പെട്ടത്. തുടർന്ന് ജനനായകന്‍റെ നിര്‍മ്മാതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കെവിഎൻ പ്രൊഡക്ഷന്‍സ് ആണ് സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ലഭ്യമാക്കാന്‍ ഇടപെടലിനായി സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാൽ നിര്‍മ്മാതാക്കളുടെ ഹർജി സുപ്രീം കോടതി തള്ളുകയും മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. ജനുവരി 20നുള്ളില്‍ ഹര്‍ജി പരിഗണിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു. 500 കോടിയോളം ചെലവിലാണ് ചിത്രം ഒരുക്കിയത്. റിലീസ് വൈകുന്നത് നിർമാതാക്കൾക്ക് തിരിച്ചടിയാണ്. മദ്രാസ് ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കുന്നത് കെവിഎൻ പ്രൊഡക്ഷന്‍സിന് ആശ്വാസമാണ്.
















