Homepage Featured Kerala News

ലൈം​ഗികാതിക്രമമെന്ന് ആരോപിച്ച് വീഡിയോ; യുവതിയുടെ പ്രതികരണം കോൺടന്റ് ക്രീയേഷന് വേണ്ടിയോ?, യുവാവിന്റെ ആത്മഹത്യയിൽ വ്യാപക പ്രതിഷേധം

കോഴിക്കോട്: ലൈം​ഗികാതിക്രമമെന്ന് ആരോപിച്ച് തനിക്കെതിരെ വീഡിയോ പുറത്തുവന്നതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയിലാണ് പ്രതിഷേധം ശക്തമാകുന്നത്. ബസിൽ യാത്ര ചെയ്യുമ്പോൾ തനിക്ക് മുന്നിലുള്ള യുവതിക്ക് ലൈം​ഗികാതിക്രമം നേരിട്ടുവെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു കോൺടന്റ് ക്രീയേറ്ററായ യുവതിയുടെ വീഡിയോ. ഇതിൽ മനംനൊന്താണ് വീട്ടിലെ മുറിയിൽ യുവാവ് ആത്മഹത്യ ചെയ്തത്.

തന്റെ ശരീരത്തിലും യുവാവ് സ്പർശിക്കുന്നുവെന്ന് യുവതി ചിത്രീകരിച്ച വീഡിയോയിൽ പറയുന്നുണ്ട്. എഡിറ്റ് ചെയ്ത ഭാ​ഗങ്ങളാണ് യുവതിയുടെ വീഡിയോയിലുള്ളത്. എന്നാൽ ദീപക് തെറ്റുചെയ്തിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് കുടുംബവും സുഹൃത്തുക്കളും. പുറത്തുവന്ന വീഡിയോയിൽ തിരക്കുള്ള ബസ് ആണ് കാണാൻ കഴിയുന്നത്. ദീപക് ഒരു കൈയിൽ ബാ​ഗുമായി നിൽക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

ആദ്യ ദൃശ്യങ്ങളിൽ യുവതിയിൽ നിന്ന് അകലത്തിലാണ് ദീപക്കിനെ കാണുന്നത്. പിന്നീട് ദീപക് ബസിൽ നിന്ന് ഇറങ്ങുന്നതിന് തൊട്ടുമുമ്പുള്ളതെന്ന് കരുതുന്ന ദൃശ്യത്തിൽ യുവതിയുടെ അടുത്ത് നിൽക്കുന്നതായും കാണാം. എന്നാൽ ഇതിൽ ലൈം​ഗികാതിക്രമം നടന്നിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല. ദീപക്കിനെതിരെയുള്ള വീഡിയോയ്ക്ക് താഴെ അയാൾ തെറ്റുചെയ്തതായി കരുതാനാവില്ലെന്നു നിരവധി പേർ ചൂണ്ടിക്കാട്ടിയിരുന്നു. ദീപക്കിനെതിരെയും കമന്റുകളുണ്ടായിരുന്നു.

തുടർന്ന് ഇതിൽ വിശദീകരണവുമായി മറ്റൊരു വീഡിയോയിൽ യുവതി രംഗത്തുവന്നു. ഒരാൾ സ്വന്തം മനസ്സാക്ഷിക്കുമുമ്പിൽ ഒന്നും പ്രശ്നമല്ലാതെ നടക്കുന്ന ഒരാളാണ് എന്നുണ്ടെങ്കിൽ പിന്നെ അയാൾ മാന്യത കാണിക്കുന്നത് കുടുംബത്തിനും സമൂഹത്തിനും മുമ്പിലാണ് എന്നായിരുന്നു യുവതി വീഡിയോയിൽ പറഞ്ഞത്. കുടുംബവും സമൂഹവും ഇതറിഞ്ഞു എന്നറിയുമ്പോഴേ യുവാവ് സ്വഭാവം മാറ്റൂ എന്നും വീഡിയോയിൽ പറയുന്നുണ്ട്. യുവാവിന് അനുകൂലമായി കമന്റ് ചെയ്ത സൊസൈറ്റിക്കും കൗൺസിലിങ് നൽകണമെന്നും വീഡിയോ ചിത്രീകരിച്ച യുവതി വിശദീകരണമായി പറഞ്ഞിരുന്നു.

ഈ വീഡിയോ പുറത്തുവന്നതോടെ കഴിഞ്ഞ ദിവസം(ജനുവരി 18) രാവിലെയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്തത്. രാവിലെ വാതിൽ തുറക്കാത്തതിനെത്തുടർന്ന് മാതാപിതാക്കളും അയൽവാസികളും ചേർന്ന് മുറി തുറന്നപ്പോഴാണ് ദീപക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയും അച്ഛനുമൊപ്പം താമസിച്ചുവരികയായിരുന്നു ദീപക്. ദീപക്കിൻ്റെ മരണത്തെത്തുടർന്ന് ബന്ധുക്കൾ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസിൽ യുവതിക്കെതിരെ പരാതി നൽകിയിട്ടുണ്ട്.

Related Posts