Homepage Featured Kerala News

കരൂർ ആൾക്കൂട്ട ദുരന്തം: മനപൂർവമല്ലാത്ത നരഹത്യ കുറ്റത്തിന് വിജയ് പ്രതിയായേക്കും; സിബിഐ കുറ്റപത്രം ഫെബ്രുവരിയിൽ

ഡൽഹി: കരൂർ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് മനപൂർവമല്ലാത്ത നരഹത്യ കുറ്റത്തിന് വിജയ് പ്രതിയായേക്കുമെന്ന് റിപ്പോർട്ട്. സിബിഐ ഫെബ്രുവരി രണ്ടാം വാരം സമർപ്പിക്കുന്ന കുറ്റപത്രത്തെ സംബന്ധിക്കുന്ന മാധ്യമ റിപ്പോർട്ടുകളിലാണ് വിജയ് പ്രതിയായേക്കുമെന്ന സൂചനയുള്ളത്. റാലിയിൽ വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്ന് ടിവികെ അറിയിച്ചില്ലെന്ന് പോലീസ് സിബിഐയോട് പറഞ്ഞു. തമിഴ്നാട് പൊലീസിലെ ചില ഉദ്യോഗസ്ഥരെയും പ്രതിചേർക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

അതേസമയം ഇന്ന് രാവിലെ 11 മണിയോടെ സിബിഐ ആസ്ഥാനത്ത് വിജയ്‌യുടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. 2025 സെപ്റ്റംബർ 27 ന് നടന്ന കരൂരിലെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടികളടക്കം 41 പേർ മരിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് സിബിഐ വിജയ്യെ ചോദ്യം ചെയ്യുന്നത്. കരൂർ ദുരന്തത്തിന് കാരണമായത് സംഘാടനത്തിലെ പാളിച്ചയാണ് എന്നാണ് തമിഴ്‌നാട് പൊലീസ് പറഞ്ഞത്. 30,000ലധികം പേർ എത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

ദുരന്തം നടന്ന ദിവസം ഉച്ചകഴിഞ്ഞ് 3.30 മുതൽ രാത്രി പത്ത് വരെയാണ് റാലിക്ക് സമയം അനുവദിച്ചിരുന്നത്. എന്നാൽ രാവിലെ 11 മുതൽ റാലിയിലേക്ക് ആളുകൾ എത്തി തുടങ്ങി. വൈകിട്ട് വിജയ് എത്തുമെന്ന് പ്രതീക്ഷിച്ച് തിരക്കിൽ പെടാതിരിക്കാൻ ആളുകൾ നേരത്തേ എത്തുകയായിരുന്നു. എന്നാൽ വിജയ് കൃത്യസമയത്ത് എത്തിയില്ല. അദ്ദേഹം എത്തിയത് രാത്രി ഏഴര കഴിഞ്ഞാണ്. അപ്പോഴേക്കും കരൂരിൽ അരലക്ഷത്തിലേറെ ആളുകൾ സംഘടിച്ചിരുന്നു. വിജയ് എത്താൻ വൈകിയത് അപകടത്തിന്റെ തീവ്രത വർധിപ്പിക്കാൻ കാരണമായി എന്നാണ് കരുതുന്നത്.

Related Posts