തിരുവനന്തപുരം: വര്‍ഗീയ ധ്രുവീകരണം ലീഗിന്‍റെ ലക്ഷ്യമല്ലെന്നും മാറി മാറി കാര്‍ഡ് കളിച്ചിട്ട് എന്താണ് എൽഡിഎഫിന് പ്രയോജനമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ലീഗിനെതിരായ വിവാദ പ്രസ്താവനയിൽ മന്ത്രി സജി ചെറിയാന് മറുപടി നൽകുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
മലപ്പുറത്തെ വൈസ് പ്രസിഡന്‍റ് ആരെന്ന് നോക്കണം. മാറി മാറി കാർഡ് കളിച്ചിട്ട് എന്താണ് ഇടത് പക്ഷത്തിന് പ്രയോജനം?. മലയാളിയുടെ മണ്ണിൽ ഇത് ചിലവാകില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാല് വോട്ടുകൾക്കുവേണ്ടി വർഗീയ ധ്രുവീകരണമുണ്ടാക്കുന്നത് മുസ്ലീം ലീഗിന്‍റെ ലക്ഷ്യമല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പറഞ്ഞു.
സജി ചെറിയാനെ പോലെ ഇത്രയും വലിയ വര്‍ഗീയത ആരും പറഞ്ഞിട്ടില്ല. സജി ചെറിയാൻ ലീഗിനെക്കുറിച്ച് ആദ്യം പഠിക്കണമെന്നും ഒരു ജനവിഭാഗത്തെ ടാര്‍ജറ്റ് ചെയ്യുന്ന പ്രചരണമാണ് നടത്തുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പേര് നോക്കി കാര്യം പറയുന്ന രീതിയാണ് ഇപ്പോള്‍ കേരളത്തിൽ. തെക്കൻ കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മുസ്ലിംലീഗ് പ്രതിനിധികളാണ് ഇന്ന് കൊല്ലത്ത് യോഗത്തിന് എത്തിയത്.
അവരുടെ പേരുകൾ നോക്കിയാൽ മനസിലാകും ഏതൊക്കെ വിഭാഗത്തിൽനിന്ന് ആളുകൾ ഉണ്ടെന്നത്. എല്ലാ മത വിഭാഗതിൽ പെട്ടവരും ലീഗിൽ നിന്ന് വിജയിച്ചിട്ടുണ്ട്. സർക്കാരിന്‍റെയും ഇടതുപക്ഷത്തിന്‍റെയും ആത്മവിശ്വാസ കുറവാണ് ഇത്തരം പ്രസ്താവനകൾക്ക് കാരണമെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
















