Kerala Lead News News

‘കുഞ്ഞുങ്ങളേ, ഇത് ഞങ്ങളുടെ കടമ…’; മൈതാനത്ത് അണിനിരന്ന് ‘നന്ദി’ എന്ന് കുറിച്ച വിദ്യാർഥികളുടെ വീഡിയോ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സിയ ഫാത്തിമ എന്ന വിദ്യാർഥിനിക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവസരം നൽകിയതിൽ നന്ദിയറിയിച്ച് സഹപാഠികൾ. പടന്ന MRVHS സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു ഒരൊറ്റ മനസ്സോടെ മൈതാനത്ത് ‘നന്ദി’ എന്ന ആകൃതിയിൽ അണിനിരന്നത്. സ്കൂൾ അധികൃതർ പകർത്തിയ വീഡിയോ ഇപ്പോൾ ഷെയർ ചെയ്തിരിക്കുകയാണ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.

‘കുഞ്ഞുങ്ങളേ, ഇത് ഞങ്ങളുടെ കടമ…’ എന്ന തലക്കെട്ടോടെയാണ് വി ശിവൻകുട്ടി വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അസുഖബാധിതയായി കഴിയുന്ന സഹപാഠി സിയ ഫാത്തിമയ്ക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓൺലൈനായി പങ്കെടുക്കാൻ അവസരം നൽകിയതിനായിരുന്നു കുട്ടികളുടെ നന്ദി പ്രകടനം. അതേസമയം ഇത് സർക്കാരിന്റെ കടമയാണെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു.

സർക്കാരിന് നന്ദി പറയേണ്ടതില്ലെന്നും ഓരോ വിദ്യാർത്ഥിക്കും തുല്യ അവസരം ഉറപ്പാക്കുക എന്നതും ശാരീരികമായ അവശതകളുള്ള സമയത്തും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ വേദി ഒരുക്കുകയെന്നതും ഈ സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് വീഡിയോയ്ക്കൊപ്പം പങ്കുവെച്ച കുറിപ്പിൽ മന്ത്രി പറഞ്ഞു. ആരെയും ഒഴിവാക്കാതെ മുന്നോട്ടുപോകാമെന്നും മന്ത്രി കുറിച്ചു.

Related Posts