തിരുവനന്തപുരം: ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുക എന്ന രീതിയാണ് തന്നെ വർഗീയവാദിയാക്കി ചിത്രീകരിക്കുന്നവർക്കുള്ളതെന്ന് എസ്എൻഡിഡി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. താൻ മുസ്ലീം ലീഗിനെ വിമർശിച്ചാൽ മുസ്ലീങ്ങൾക്ക് എതിരെയാണ് എന്ന് വരുത്തിത്തീർക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്നെ വിമർശിച്ച വിഡി സതീശനെതിരെയും രൂക്ഷമായാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്. ലീഗിന്റെ നാവായി പ്രതിപക്ഷനേതാവ് മാറിയെന്നായിരുന്നു പ്രതികരണം. നായാടി മുതൽ നസ്രാണി വരെ ഐക്യം ആണ് ലക്ഷ്യമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അതേസമയം മുസ്ലീം വിഭാഗങ്ങളുടെ പേര് ഒപ്പം ചേർക്കാൻ വെള്ളാപ്പള്ളി തയ്യാറായില്ല.
നായർ ഈഴവ ഐക്യം അനിവാര്യമാണെന്നും എൻഎസ്എസിനെയും എസ്എൻഡിപിയെയും തെറ്റിച്ചത് മുസ്ലീം ലീഗാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇന്നലെ പൂത്ത തകരയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെന്നും കോൺഗ്രസിലെ നേതാക്കളായ രമേശ് ചെന്നിത്തലയോ കെസി വേണുഗോപാലോ എകെ ആന്റണിയോ തനിക്കെതിരെ ഇത്തരത്തിൽ സംസാരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഈഴവരെ തകർക്കാനാണ് വിഡി സതീശന്റെ ശ്രമമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയതുമായി ബന്ധപ്പെട്ട് പിണറായി വിജയനെ വിഡി സതീശൻ വിമർശിച്ചിരുന്നു. കാന്തപുരത്തിന്റെ നേതൃത്വത്തിൽ ‘മനുഷ്യർക്കൊപ്പം’ എന്ന പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു വിഡി സതീശന്റെ വിമർശനം.
അതേസമയം വെള്ളാപ്പള്ളിയെ താൻ പേരെടുത്ത് വിമർശിച്ചിട്ടില്ലെന്ന് വിഡി സതീശൻ പറഞ്ഞു. വെള്ളാപ്പള്ളിയുടെ ചില നിലപാടുകളെയാണ് താൻ വിമർശിച്ചതെന്നും മതേതര നിലപാടാണ് തന്റേതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ തോറ്റാലും താൻ നിലപാട് തുടരുമെന്നും വിഡി സതീശൻ പറഞ്ഞു. ലീഗിന്റെ നാവായാണ് താൻ സംസാരിക്കുന്നത് എന്ന വെള്ളാപ്പള്ളി നടേശന്റെ പരാമർശം പ്രതിപക്ഷനേതാവ് ശരിവെച്ചു. യുഡിഎഫിന്റെ ഭാഗമാണ് മുസ്ലീം ലീഗെന്ന് വിഡി സതീശൻ പറഞ്ഞു.
















