തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായുള്ള ബന്ധപ്പെട്ട് എൻഎസ്എസിന്റെ നിലപാട് ആചാരങ്ങൾ നിലനിൽക്കാൻ ആയിരുന്നു എന്ന് ജി സുകുമാരൻ നായർ പറഞ്ഞു. എല്ലായിടത്തും അത് നിലനിൽക്കുന്നില്ലേയെന്ന് അദ്ദേഹം ചോദിച്ചു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട എൻഎസ്എസ് നിലപാടിന് പിന്നിൽ ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യം ഉണ്ടായിരുന്നില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കി. ശബരിമല സ്ത്രീ പ്രവേശനത്തിൽ നിന്ന് എൽഡിഎഫ് പിന്നോട്ട് പോയപ്പോൾ അവരെ സ്വാഗതം ചെയ്തെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ വികസനം നടത്തുമെന്ന പ്രഖ്യാപനവുമായി നടത്തിയ ആഗോള അയ്യപ്പ സംഗമത്തിൽ തങ്ങൾ ഭാഗമായെന്നും അദ്ദേഹം പറഞ്ഞു.
മറ്റു ചിലയിടങ്ങളിലെ മാതൃകയിൽ ശബരിമലയിൽ വികസനം കൊണ്ടുവരുന്നതിനാണ് ആഗോള അയ്യപ്പ സംഗമം നടത്തിയത്. അതിൽ ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാം, എങ്കിലും തങ്ങൾ അതിനോട് സഹകരിച്ചെന്നും ജി സുകുമാരൻ നായർ പറഞ്ഞു. ശബരിമലയിൽ ആരും ദൈവതുല്യരല്ലെന്നും സ്വർണം കട്ടവർ പിടിക്കപ്പെടുന്നത് അയ്യപ്പന്റെ കഴിവാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിനെ അത്തരം കാര്യങ്ങൾ ബാധിക്കേണ്ടതില്ലെന്നും തെറ്റു ചെയ്തവർ പിടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വെള്ളാപ്പള്ളിയെ വിമർശിച്ച വിഡി സതീശനെതിരെ രൂക്ഷമായ ഭാഷയിലാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി പ്രതികരിച്ചത്. സമുദായസംഘടനകളുടെ തിണ്ണ നിരങ്ങുന്നവരല്ല തങ്ങളെന്ന വിഡി സതീശന്റെ നിലപാടിനെ സുകുമാരൻ നായർ രൂക്ഷമായി വിമർശിച്ചു. സഭാസിനഡ് നടന്നപ്പോൾ വിഡി സതീശൻ തിണ്ണനിരങ്ങിയെന്നും 2024 ലെ തെരഞ്ഞെടുപ്പിൽ എൻഎസ്എസിന്റെ തിണ്ണ നിരങ്ങിയെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി കുറ്റപ്പെടുത്തി. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജി സുകുമാരൻ നായർ.
















