തിരുവനന്തപുരം: സിപിഎം നേതാവും ഇടുക്കി ദേവികുളം മുന്‍ എംഎൽഎയുമായിരുന്ന എസ് രാജേന്ദ്രൻ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് രാജേന്ദ്രന് അംഗത്വം നൽകിയത്. പ്രസ്ഥാനത്തെ താൻ ചതിച്ചിട്ടില്ലെന്നും പലതും സഹിച്ചിരുന്നെന്നും രാജേന്ദ്രൻ പ്രതികരിച്ചു.
എസ്എൻഡിപി -എൻഎസ്എസ് ഐക്യത്തിലൂടെ വോട്ട് പോകുമെന്ന ആശങ്ക ഇല്ലെന്ന് രാജേന്ദ്രനെ സ്വീകരിക്കുന്ന ചടങ്ങിൽ സംസാരിക്കവേ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അതേസമയം രാജേന്ദ്രൻ കാണിച്ചത് പിറപ്പുകേട് ആണെന്നും പുകഞ്ഞകൊള്ളി പുറത്ത് എന്നുമായിരുന്നു സിപിഎം നേതാവും മുൻ മന്ത്രിയുമായ എംഎം മണിയുടെ പ്രതികരണം.
വർഷങ്ങളായി എസ് രാജേന്ദ്രൻ സിപിഎമ്മിലില്ല. ഒരു പാർട്ടി അനുഭാവി പോലും രാജേന്ദ്രന്റെ കൂടെ പോകില്ല. എംഎം മണി പോയാലും പാർട്ടിക്ക് ഒന്നും സംഭവിക്കില്ല. ബഹുജന അടിത്തറ പാർട്ടിക്കുണ്ടെന്നും എംഎം മണി പ്രതികരിച്ചു. ദേവികുളം എംഎല്‍എ എ രാജയ്ക്ക് എതിരായി പ്രവര്‍ത്തിച്ചതിന് എസ് രാജേന്ദ്രനെതിരെ സിപിഎം നടപടി എടുത്തിരുന്നു. 2006-11, 2011-16, 2016-21 എന്നീ കാലയളവിൽ മൂന്നു തവണ സിപിഎമ്മിന്റെ എംഎല്‍എ ആയ രാജേന്ദ്രന്‍ അഞ്ച് വര്‍ഷമായി സിപിഎമ്മുമായി സഹകരിച്ചിരുന്നില്ല.
മൂന്ന് തവണ സിപിഎം എംഎൽഎ ആയിരുന്ന ഐഷ പോറ്റിയും അടുത്തിടെ സിപിഎം വിട്ടിരുന്നു. മൂന്നു പതിറ്റാണ്ട് നീണ്ട ഇടതുപക്ഷ ബന്ധം അവസാനിപ്പിച്ചായിരുന്നു സിപിഎം നേതാവ് ഐഷ പോറ്റി കോൺഗ്രസിൽ ചേര്‍ന്നത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിൽ നിന്നാണ് ഐഷ പോറ്റി കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. 2006 മുതൽ 2021 വരെ കൊട്ടാരക്കര നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച എംഎൽഎ ആയിരുന്നു ഐഷ പോറ്റി.
















