Homepage Featured Kerala News

വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്താൻ ജി സുകുമാരൻ നായർ; സമീപകാല രാഷ്ട്രീയം ചർച്ചയാകും

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനുമായി നിർണായക കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുകയാണ് ജി സുകുമാരൻ നായർ. എസ്എൻഡിപി – എൻ എസ് എസ് ഐക്യത്തിലേക്ക് ചർച്ച നീണ്ടേക്കുമെന്ന് മാധ്യമറിപ്പോർട്ടുകളുണ്ടെങ്കിലും അത്തരം നീക്കങ്ങളുള്ളതായി എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്ഥിരീകരിച്ചിട്ടില്ല. വെള്ളാപ്പള്ളിയുടെ ചില പരാമർശങ്ങൾ അടുത്തിടെ വിവാദമായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ പരാമർശത്തോടും യോജിക്കാനാവില്ലെന്നും എന്നാൽ ന്യായമായ കാര്യങ്ങൾ പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് സുകുമാരൻ നായരും വെള്ളാപ്പള്ളിയുമായി ചർച്ചയ്ക്കൊരുങ്ങുന്നത്.

അയ്യപ്പ സം​ഗമം പരിപാടിയ്ക്ക് പോകുന്നതിനിടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കാറിൽ യാത്ര ചെയ്തതിനെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചിരുന്നു. വെള്ളാപ്പള്ളിയുടെ പ്രായത്തെ ബഹുമാനിക്കണമെന്നും അദ്ദേഹത്തെ വിമർശിക്കുമ്പോൾ രാഷ്ട്രീയക്കാർ ജാഗ്രത പാലിക്കണമെന്നും സുകുമാരൻ നായരും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. ഇത് വിഡി സതീശന്റെ പരാമർശവുമായി ബന്ധപ്പെട്ടാണെന്നാണ് കരുതുന്നത്. അതേസമയം വെള്ളാപ്പള്ളിയുടെ എല്ലാ പ്രസ്താവനകളോടും യോജിപ്പില്ലെന്ന് സുകുമാരൻ നായരും കൂട്ടിച്ചേർത്തു. എൻഎസ്എസ് – എസ്എൻഡിപി ഐക്യം തകർത്തത് യുഡിഎഫ് ആണെന്ന് നേരത്തേ വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചിരുന്നു. ജമാ അത്തെ ഇസ്ലാമിയെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കും യുഡിഎഫുമായി രാഷ്ട്രീയ ഭിന്നതയുണ്ട്.

Related Posts