കോട്ടയം: യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകമാണെന്നും എൽഡിഎഫ് മേഖല ജാഥയാണ് ഇന്നത്തെ സ്റ്റിയറിങ് കമ്മിറ്റിയുടെ ചർച്ചയിൽ പ്രധാനമായും ഉള്ളതെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോൺഗ്രസ് എൽഡിഎഫിനൊപ്പം ഉറച്ചുനിൽക്കുമെന്ന സൂചനയാണ് കേരളാകോൺഗ്രസിന്റെ മറ്റുനേതാക്കളും നൽകുന്നത്. യുഡിഎഫിലേക്ക് ഇല്ലെന്നും നേതാക്കള്‍ ആവര്‍ത്തിച്ചു. കേരളാകോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി കോട്ടയത്ത് ഇന്ന് ചേർന്നിരുന്നു. പാർട്ടി യുഡിഎഫിലേക്കെന്ന മാധ്യമവാർത്തകൾ ജോസ് കെ മാണി നിഷേധിച്ചു.
മാധ്യമങ്ങളല്ല കേരള കോൺഗ്രസിന്റെ അജണ്ട നിശ്ചയിക്കുന്നത്. യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകമാണ്. ആരെങ്കിലും ആ പുസ്തകം തുറന്നുവെങ്കിൽ വായിച്ചു കഴിഞ്ഞു അടച്ചു വെച്ചോളും. പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനം ചെയര്‍മാൻ ജോസ് കെ മാണി തന്നെ പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിനും പ്രതികരിച്ചു. പാര്‍ട്ടിയുടെ വളര്‍ച്ചയിൽ അസൂയയുള്ളവരാണ് ഇത്തരം പ്രചാരണം നടത്തുന്നതെന്നും നേതാക്കള്‍ പറഞ്ഞു. മുന്നണി മാറ്റം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന്‍റെ അജണ്ടയിൽ പോലും ഇല്ലെന്ന് എൻ ജയരാജ് പറഞ്ഞു.
















