കോട്ടയം: കേരള കോൺഗ്രസ് എമ്മിന്റെ നിർണായക സ്റ്റിയറിങ് കമ്മിറ്റി ഇന്ന് കോട്ടയത്ത് വച്ച് നടക്കും. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് യോഗം. മാധ്യമങ്ങളിലൂടെ കേരള കോൺഗ്രസ് എം മുന്നണി മാറ്റത്തിന് ഒരുങ്ങുന്നതായി വാർത്തകൾ വന്നത് യോഗത്തിൽ ചർച്ചയാകും. എൽഡിഎഫിനൊപ്പം നിൽക്കുമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി നിലപാട് എടുത്തതോടെ ജില്ലാ കമ്മിറ്റികളെയെല്ലാം ശക്തമായി ഒപ്പം നിർത്താനാകും യോഗമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
എൽഡിഎഫിൽ ഉറച്ചു നിൽക്കുമെന്ന നിലപാടിലാണ് ജോസ് കെ മാണി. എന്നാൽ മുന്നണി മാറ്റമെന്ന ചർച്ചകൾ മാധ്യമങ്ങളിലൂടെ നിരന്തരമായി പുറത്തുവരുന്നത് അണികളിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ഇടയുണ്ട്. വാർത്തകൾ പുറത്തുവന്നതോടെ ആരാണ് ഈ ചർച്ച നടത്തുന്നതെന്നായിരുന്നു ജോസ് കെ മാണിയുടെ ചോദ്യം. തങ്ങളെയോർത്ത് കരയേണ്ടെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു. എൽഡിഎഫിൽ ഉറച്ചുനിൽക്കാനാണ് തീരുമാനമെന്ന് ജോസ് കെ മാണി വ്യക്തമാക്കി.
റാന്നി എംഎൽഎ പ്രമോദ് നാരായണൻ, റോഷി അഗസ്റ്റ്യൻ തുടങ്ങിയ കേരള കോൺഗ്രസിലെ നേതാക്കളും മാധ്യമ വാർത്തകൾ പുറത്തുവന്നതോടെ എൽഡിഎഫിനൊപ്പം തുടരാനാണ് താൽപ്പര്യമെന്ന് അറിയിച്ചിരുന്നു. അണികൾക്കിടയിലെയും ജില്ലാനേതാക്കൾക്കിടയിലെയും ആശയക്കുഴപ്പം നിർണായകയോഗത്തിലൂടെ പരിഹരിക്കാനാകും എന്നാണ് കേരള കോൺഗ്രസ് നേതൃത്വം കരുതുന്നത്.
















