Homepage Featured Local News

പണം നൽകിയിട്ട് 6 വർഷമായിട്ടും ഫ്ലാറ്റ് നൽകിയില്ല; പരാതിയിൽ ഷിബു ബേബി ജോണിനെതിരെയും കേസ്

തിരുവനന്തപുരം: ഷിബു ബേബി ജോണിനെതിരെ കേസെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ്. ഷിബു ബേബി ജോണിന്‍റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയിൽ ഫ്ലാറ്റ് നിര്‍മ്മിച്ച് നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നും ഫ്ലാറ്റ് നൽകിയില്ലെന്നും ഉള്ള പരാതിയിൽ ആണ് കേസ്. ആൻഡ കമ്പനിയും ഷിബു ബേബി ജോണിന്‍റെ കുടുംബവും തമ്മിൽ ഫ്ലാറ്റ് നിർമാണത്തിന് ധാരണയുണ്ട്. ഈ ധാരണയുമായി ബന്ധപ്പെട്ടാണ് യുഡിഎഫ് നേതാവും ആര്‍എസ്‍പി സംസ്ഥാന സെക്രട്ടറിയുമായ ഷിബു ബേബി ജോണിനെതിരെ പൊലീസ് കേസെടുത്തത്.

2020ൽ ആൻഡ കൺസ്ട്രക്ഷൻ എന്ന നിര്‍മാണ കമ്പനിക്ക് പരാതിക്കാരൻ 15 ലക്ഷം രൂപ നൽകി. ഷിബു ബേബി ജോണിന്‍റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയിൽ ഫ്ലാറ്റ് നിര്‍മ്മിച്ചു നൽകുമെന്ന ധാരണയിലാണ് പണം നൽകിയത്. എന്നാൽ പണം കൈമാറിയിട്ട് ആറുവർഷം കഴിഞ്ഞിട്ടും ഫ്ലാറ്റ് നൽകിയില്ലെന്ന് പരാതിക്കാരൻ പറയുന്നു.

ഷിബു ബേബി ജോണിനെതിരെയുള്ളത് സിവിൽ പരാതിയെന്ന പേരിൽ പൊലീസ് നേരത്തേ കേസ് എഴുതിത്തള്ളിയിരുന്നു. തുടർന്ന് പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി ലഭിച്ചു. ഇതോടെ പൊലീസ് പരാതിയിൽ കേസെടുക്കാൻ തയ്യാറാകുകയായിരുന്നു.

Related Posts