ഡൽഹി: പരിഷ്കരണത്തിനുശേഷമുള്ള കേരളത്തിലെ വോട്ടർപട്ടിക പഞ്ചായത്ത് ഓഫീസുകൾ പോലുള്ള പൊതുസ്ഥാപനങ്ങളിൽ പരസ്യപ്പെടുത്താൻ സുപ്രീംകോടതി ഉത്തരവ്. വെബ്സൈറ്റുകളിലും പട്ടിക പ്രസിദ്ധീകരിക്കണം. വോട്ടർപട്ടികയിൽ നിന്ന് അർഹരായവരാരും പുറത്താകാതിരിക്കാനാണ് കോടതിയുടെ നടപടി. കരട് പട്ടികയില്‍ പരാതി നൽകാനുള്ള സമയപരിധി നീട്ടണമെന്നും സുപ്രീംകോടതി പറഞ്ഞു.
ഈ മാസം 22 വരെയായിരുന്നു എസ്ഐആര്‍ കരട് പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പരാതി ഉന്നയിക്കാനുള്ള സമയപരിധി. ഈ സമയപരിധി നീട്ടണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. ഫെബ്രുവരി 21 ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ്. എന്നാൽ സുപ്രീംകോടതി നിർദേശപ്രകാരം കരട് വോട്ടർപട്ടികയിൽ പരാതി ഉന്നയിക്കാനുള്ള സമയപരിധി നീട്ടിയാൽ അന്തിമ വോട്ടർപട്ടികയും വൈകും.
എസ്ഐആറിൽ പേരുചേർക്കാൻ ആവശ്യമായ രേഖകള്‍ ഇല്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ അത് ലഭ്യമാക്കാൻ സംസ്ഥാനസർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. മതിയായ രേഖകള്‍ കൈവശമില്ലാത്തവർക്ക് രേഖകൾ നൽകാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. രേഖകള്‍ കിട്ടാൻ ഏതെങ്കിലും ഫീസ് നിലവിൽ ഉണ്ടെങ്കിൽ അത് ഈ കാലയളവിൽ ഒഴിവാക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. കെ-സ്മാര്‍ട്ട് വഴി ലഭ്യമാകേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കാലതാമസം നേരിടുന്നെങ്കില്‍ അത് നേരിട്ട് പഞ്ചായത്ത് മുഖേന ലഭ്യമാകുമെന്നും സർക്കാരിന്റെ അറിയിപ്പുണ്ട്.
















