തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കെ.പി ശങ്കരദാസിനെയും എസ്ഐടി അറസ്റ്റ് ചെയ്തു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന ശങ്കരദാസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ശബരിമല ദേവസ്വം ബോർഡ് മുൻ അംഗമായിരുന്നു കെപി ശങ്കരദാസ്.
ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന എസ് പി ശശിധരൻ അടങ്ങുന്ന സംഘം ആശുപത്രിയിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് അറസ്റ്റ് സംബന്ധിച്ച വിവരം കൊല്ലം കോടതിയിൽ റിപ്പോർട്ടുചെയ്തു. ഐസിയുവിൽ തുടരുന്ന ശങ്കരദാസിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട തുടർനടപടികൾ ആശുപത്രിയിൽ നേരിട്ട് എത്തിയാണ് മജിസ്‌ട്രേറ്റ് പൂർത്തിയാക്കിയത്. നാളെ എസ്ഐടി റിമാൻഡ് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.
ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ എസ്ഐടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. 2019 ൽ ശബരിമലയിൽ ഉണ്ടായിരുന്ന ബോർഡ് അംഗങ്ങളുടെ അറിവോടെയാണ് സ്വർണക്കൊള്ള നടന്നതെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് ശങ്കരദാസ്, എൻ വിജയകുമാർ എന്നിവർക്കെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ലെന്ന് നേരത്തേ കോടതി ചോദിച്ചത്. ബോർഡിന് കൂട്ടുത്തരവാദിത്തം ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് എൻ വിജയകുമാറിനെ പിന്നീട് അന്വേഷണസംഘം അറസ്റ്റുചെയ്തു. അതേസമയം ആശുപത്രിയിൽ ചികിത്സയിലാണെന്ന് അറിയിച്ചതിനാൽ ശങ്കരദാസിനെ അറസ്റ്റ് ചെയ്തിരുന്നില്ല. മകന്‍ എസ്പി ആയതിനാലാണോ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതെന്ന ചോദ്യം ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. ശങ്കരദാസിന്റെ മകന്‍ ഹരിശങ്കര്‍ കൊച്ചി സിറ്റി ഡിഐജിയാണ്.
പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലാണ് ശങ്കരദാസെന്നാണ് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ശങ്കരദാസ് ഐസിയുവിൽ ആണ് എന്നതിന് തെളിവായി ഫോട്ടോകളും കോടതിയിൽ ഹാജരാക്കിയിരുന്നു. ആരോഗ്യനില ഗുരുതരമാണ് എന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ നിന്ന് ശങ്കരദാസിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയതോടെയാണ് അറസ്റ്റിലേക്ക് നീങ്ങിയത്.
















