രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പീഡനക്കേസില്‍ അറസ്റ്റിലായെങ്കിലും ബന്ധം പൂര്‍ണമായി വിച്ഛേദിക്കാതെ കോണ്‍ഗ്രസ്. പാലക്കാട് മണ്ഡലത്തില്‍ ആര് സ്ഥാനാര്‍ഥിയാകണമെന്ന് തീരുമാനിക്കുക രാഹുലെന്ന് രഹസ്യവിവരം. കോണ്‍ഗ്രസ് നേതൃത്വം രാഹുലുമായി ചര്‍ച്ച നടത്താനും സാധ്യതയുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഹുലിനു സീറ്റ് നല്‍കുമോ എന്ന ചോദ്യത്തിനു ‘ഏത് രാഹുല്‍? അയാളിപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലല്ലോ’ എന്നാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഒരിക്കല്‍ മാധ്യമങ്ങളോടു പ്രതികരിച്ചത്. എന്നാല്‍ പാലക്കാട് സീറ്റില്‍ തന്റെ നോമിനിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കെപിസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
തനിക്കു കൂടി സ്വീകാര്യനായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പാലക്കാട് മത്സരിപ്പിക്കണമെന്നാണ് രാഹുലിന്റെ നിലപാട്. പാലക്കാട് വലിയ പിന്തുണയുള്ളതിനാല്‍ രാഹുലിനെ തള്ളിക്കൊണ്ട് മുന്നോട്ടു പോകാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. വഴങ്ങിയില്ലെങ്കില്‍ രാഹുല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമോ എന്ന പേടിയും കോണ്‍ഗ്രസിനുണ്ട്.
താന്‍ നിര്‍ദേശിക്കുന്നയാളെ പാലക്കാട് മത്സരിപ്പിക്കണമെന്ന് വിശ്വസ്തനായ കോണ്‍ഗ്രസ് നേതാവ് വഴിയാണ് രാഹുല്‍ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഈ സ്ഥാനാര്‍ഥിയെ തന്നെയായിരിക്കും ഷാഫി പറമ്പിലും പിന്തുണയ്ക്കുക.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ 18,840 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ചത്. പാലക്കാട് മണ്ഡലത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ ഭൂരിപക്ഷം കൂടിയായിരുന്നു ഇത്. രാഹുലിനു യൂത്ത് കോണ്‍ഗ്രസിനുള്ള വലിയ സ്വാധീനം ഉള്ളതുകൊണ്ടാണ് കോണ്‍ഗ്രസിനു ഇപ്പോള്‍ വഴങ്ങേണ്ടി വന്നിരിക്കുന്നത്.
അതേസമയം പീഡനക്കേസില്‍ അറസ്റ്റിലായ രാഹുലിനെ അന്വേഷണസംഘം വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. കോടതി അനുവദിച്ചിരുന്ന മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് ഉച്ചയോടെ രാഹുലിനെ കോടതിയില്‍ ഹാജരാക്കും. തിരുവല്ല കോടതിയുടെ ചുമതലയുള്ള പത്തനംതിട്ട മജിസ്‌ട്രേട്ടിന്റെ വസതിയിലാവും എത്തിക്കുക. അന്വേഷണവുമായി രാഹുല്‍ സഹകരിക്കാത്തതിനാല്‍ അന്വേഷണസംഘം കസ്റ്റഡി കാലാവധി നീട്ടിചോദിക്കും.
















