ഇസ്ലാമാബാദ്: ഇറാൻ ഭരണകൂടത്തിനെതിരെ അമേരിക്ക നടത്തുന്ന അധിനിവേശങ്ങളിൽ അതിർത്തി രാഷ്ട്രമായ പാകിസ്ഥാനിൽ ആശങ്ക. ഇറാന്റെ നിയന്ത്രണങ്ങൾ അമേരിക്ക ഏറ്റെടുത്താൽ അത് പാകിസ്ഥാനെ ആഭ്യന്തരമായും രാഷ്ട്രീയമായും പ്രതിരോധത്തിലാക്കുമെന്നാണ് വിലയിരുത്തൽ. ഇതോടെ ഇസ്ലാമാബാദിൽ അടിയന്തര യോഗം ചേരാനാണ് പാക് സംയുക്ത സൈനിക മേധാവി അസിം മുനീറും സൈനിക വൃത്തങ്ങളും ഒരുങ്ങുന്നത്.
ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങൾ അണപൊട്ടി ഒഴുകുമ്പോഴാണ് അമേരിക്ക സൈനിക ഇടപെടൽ നടത്തുമെന്ന് പ്രഖ്യാപനം നടത്തിയത്. ഖമൈനിയെ അമേരിക്ക തടവിലാക്കുകയും ഇറാന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്താൽ വീണ്ടും ഇതൊരു അധിനിവേശമാകുമെന്നും ലോക രാജ്യങ്ങൾ കണക്ക് കൂട്ടുന്നു. വനസ്വേലയിൽ ആവർത്തിച്ചത് പോലെ രാത്രിക്ക് രാത്രിയുള്ള സൈനിക നടപടിയാണ് അമേരിക്ക ലക്ഷ്യമിടുന്നതെങ്കിൽ ഇറാന് മറ്റ് അറബ് രാഷ്ട്രങ്ങളുടെ പിന്തുണയും ഉറപ്പ് വരുത്തേണ്ടി വരും.
ഇസ്രയേൽ, അമേരിക്ക എന്നീ സൈനിക ശക്തികളുടെ തിരിച്ചടികളിൽ ഇറാൻ തകർന്നിരിക്കുന്ന വേളയിലാണ് ആഭ്യന്തര കലാപങ്ങളും രൂക്ഷമാകുന്നത്. അമേരിക്കൻ നടപടിയെ ചെറുക്കാൻ അറബ് രാഷ്ട്രങ്ങൾ പടയൊരുക്കം ആരംഭിച്ചെങ്കിലും അഭിപ്രായ ഭിന്നതയിൽ പലരാജ്യങ്ങളും വിട്ട് നിൽക്കുകയാണ്. ഖത്തർ, സൗദി, ഒമാൻ ഉൾപ്പടെയുള്ള ശക്തരായ രാഷ്ട്രങ്ങൾ പ്രശ്നത്തിൽ ഇടപെടുമെന്ന പ്രത്യാശയും പുലർത്തുന്നുണ്ട്.
ട്രംപിനെ പിന്തുണച്ചാൽ പാകിസ്ഥാൻ ഒറ്റപ്പെടും
ഇറാനിലെ പ്രതിസന്ധികൾക്ക് പിന്നാലെ പാകിസ്ഥാനിൽ അടിയന്തര യോഗം ചേർന്നതായാണ് പുതിയ വാർത്ത. അസിം മുനീർ സൈനിക കമാൻഡർ ലെഫ്റ്റനന്റ് ജനറൽ റഹത് നസീം, മിലിട്ടറി ഇന്റലിജൻസ് ഡയറക്ടർ ജനറൽ, ചീഫ് ഓഫ് സ്റ്റാഫ് ടു ദ ചീഫ് ഓഫ് ആർമി സ്റ്റാഫ്, ഐഎസ്‌ഐയുടെ ഡയറക്ടർ ജനറൽ, മറ്റ് മുതിർന്ന ജനറൽമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. സംഘർഷം പാകിസ്ഥാൻ അതിർത്തിയെ ഏതെല്ലാം തരത്തിൽ ബാധിക്കുമെന്നാണ് ചർച്ചയായത്. ഷിയാ മുസ്ലിംങ്ങൾ ഭൂരിപക്ഷമായ ഇറാനെതിരായ അമേരിക്കൻ അക്രമണം തുടരുമ്പോൾ ഏത് നിലപാട് എടുക്കണമെന്ന നയതന്ത്ര പ്രതിസന്ധിയും പാകിസ്ഥാൻ നേരിടുന്നു. 20 ശതമാനം ഷിയ മുസ്ലീങ്ങളുള്ള പാകിസ്ഥാനിൽ ഇറാനെതിരായ അമേരിക്കൻ നീക്കങ്ങളിൽ പ്രതിഷേധം ഉയരുന്നുണ്ട്. അമേരിക്കൻ നിലപാടുകളെ പാക് സർക്കാർ പിന്തുണയ്ക്കുകയാണെങ്കിൽ പാകിസ്ഥാനിൽ ആഭ്യന്തര സംഘർഷങ്ങൾ രൂക്ഷമാകാനും സാധ്യതയുണ്ട്. യുദ്ധങ്ങൾ അരങ്ങേറിയാൽ ഇറാനിൽ നിന്ന് പാകിസ്ഥാനിലേക്ക് പലായനം ചെയ്യുന്ന അഭയാർത്ഥികളെ സ്വീകരിക്കുന്നത് ഉൾപ്പടെ പാകിസ്ഥാന് വെല്ലുവിളി സൃഷ്ടിക്കുന്ന ഘടകങ്ങളാണ്.
















