തിരുവനന്തപുരം: എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോട്ട് വേണമെന്ന് അജിത്ത് കുമാറിന്റെ നിർദേശമെന്ന വാർത്ത നിഷേധിച്ച് എംബി രാജേഷ്. വാർത്ത യാഥാർഥ്യമല്ലെന്നും വ്യാജ വാർത്തയുടെ ഉറവിടം അന്വേഷിക്കുമെന്നും എക്സൈസ് മന്ത്രി എംബി രാജേഷ് വ്യക്തമാക്കി. വ്യാജവാർത്തയ്ക്ക് പിന്നിൽ രാഷ്ട്രീയ ലാക്കാണെന്നും അഴിമതിക്കാരുടെ പ്രതികാരവും കാരണമാകാമെന്നുമാണ് മന്ത്രിയുടെ പ്രതികരണം.
എക്സൈസ് കമ്മീഷണർ എംആർ അജിത് കുമാർ എക്സൈസിൽ വിചിത്ര പരിഷ്കാരവുമായി എത്തിയെന്ന് പ്രധാന ചാനലുകളിൽ വാർത്ത വന്നിരുന്നു. എന്നാൽ വാർത്തയുടെ ഉറവിടം സംബന്ധിച്ച വിവരങ്ങളൊന്നും ചാനലുകൾ പുറത്തുവിട്ടിരുന്നില്ല. മന്ത്രിയുടെ പരിപാടി നടക്കുന്ന ജില്ലകളിലെല്ലാം അതത് ജില്ലകളിലെ ഉദ്യോഗസ്ഥർ മന്ത്രിക്ക് എസ്കോർട്ട് നൽകണമെന്നായിരുന്നു വാർത്ത.
ഇന്നലെ ചേർന്ന ഡെപ്യൂട്ടി കമ്മീഷണർമാരുടെയും ജോയിൻ്റ് കമ്മീഷണർമാരുടെയും യോഗത്തിലാണ് നിർദേശം നൽകിയത് എന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ മന്ത്രി എത്തുമ്പോൾ അതാത് ജില്ലകളിലെ എക്സൈസ് ഉദ്യോഗസ്ഥർ ബ്രീഫ് ചെയ്യണമെന്ന നിർദേശം ഉണ്ടായിരുന്നു. ഇതിനെയായിരിക്കാം ‘എസ്കോർട്ട്’ എന്നപേരിൽ പ്രചരിപ്പിച്ചതെന്നുമാണ് കരുതുന്നത്.
















