Homepage Featured Kerala News

രാഹുലിനെ പിന്തുണച്ച ശ്രീനാദേവിക്കെതിരെ അതിജീവിത; നിയമപരമായ പരിരക്ഷയെ ദുരുപയോഗം ചെയ്യുന്നുവെന്ന് ശ്രീനാദേവി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ പ്രതികരണം രേഖപ്പെടുത്തിയ ശ്രീനാദേവി കുഞ്ഞമ്മയക്ക് എതിരെ പരാതിയുമായി അതിജീവിത രം​​ഗത്തെത്തിയതോടെ കൗണ്ടർ പരാതിയും വിവാദങ്ങളും തുടർക്കഥയാകുന്നു. പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ നൽകി ശ്രീനാദേവി കുഞ്ഞമ്മ രം​ഗത്തെത്തിയതും തുടർന്നുള്ള നിയമയുദ്ധവുമാണ് പുതിയ അധ്യായം. തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയെന്ന് ആരോപിച്ചാണ് അതിജീവിത കഴിഞ്ഞ ദിവസം രം​ഗത്തെത്തിയത്.

നിയമപരമായ പരിരക്ഷയെ അതിജീവിത ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ശ്രീനാദേവി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. പത്തനംതിട്ടയിലെ കോണ്‍ഗ്രസ് നേതാവായ ശ്രീനാദേവി കുഞ്ഞമ്മ അതിജീവിതനൊപ്പം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇതില്‍ തന്നെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാനഡയിലുള്ള അതിജീവിത മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. പരാതി ഗൗരവമായെടുത്ത ഡിജിപി, ശ്രീനാദേവിക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് കൗണ്ടർ പരാതിയുമായി ശ്രീനാദേവി കുഞ്ഞമ്മയും രം​​ഗത്തെത്തിയത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ കേസില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നാണ് കോണ്‍ഗ്രസ് പ്രവർത്തകരുടെ വാദം. ഇതേവാദം മുൻപ് ശ്രീനാദേവി കുഞ്ഞമ്മയും ആരോപിച്ചിരുന്നു.പിന്നാലെയാണ് കോൺ​ഗ്രസ് പുറത്താക്കിയ രാഹുലിനെ പിന്തുണയ്ക്കുന്ന ശ്രീനാദേവിക്കെതിരെ കെ.പി.സി.സിക്ക് പരാതി നൽകി അതിജീവിത രം​ഗത്തെത്തിയത്. അതിജീവിത നല്‍കിയ പരാതി വസ്തുതാവിരുദ്ധമാണെന്നും നിയമം അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ഉപയോഗിക്കുകയാണെന്നും ശ്രീനാദേവി മുഖ്യമന്ത്രിക്ക് സമർപ്പിച്ച പരാതിയില്‍ പറയുന്നു. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവർക്കാണ് പരാതി നൽകിയിരിക്കുന്നത്.

വ്യക്തിഹത്യ നടത്തുന്ന രീതിയിലും ധാർമികതയെ ചോദ്യം ചെയ്യുന്ന രീതിയിലും ശ്രീനാദേവി കുഞ്ഞമ്മ വീഡിയോ ചെയ്തെന്നാണ് ശ്രീനാദേവിക്കെതിരായ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. ശ്രീനാദേവി കുഞ്ഞമ്മയെയും സൈബറിടത്തിൽ ആക്രമണം നടത്തുന്ന പാർട്ടി പ്രവർത്തകരേയും നേതൃത്വം ഇടപെട്ട് തടയണമെന്നാണ് പരാതിയിലെ ആവശ്യം. ബലാത്സം​ഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും അതിജീവിതയെ ചോദ്യം ചെയ്തുമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ വീഡിയോ.

Related Posts