കേരളാ കോൺഗ്രസ് എം എൽഡിഎഫ് വിടില്ല. എൽഡിഎഫിൽ ഉറച്ചുനിൽക്കാനാണ് തീരുമാനമെന്ന് ജോസ് കെ മാണി. കോട്ടയത്തെ കേരളാ കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ ആണ് ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയത്.
എൽഡിഎഫിൽ ഉറച്ചു നിൽക്കുമെന്നും,ആരാണ് ഈ ചർച്ച നടത്തുന്നതെന്നും, തങ്ങളെയോർത്ത് ആരും കരയേണ്ടെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോടു പറഞ്ഞു.
സഭാ നേതൃത്വത്തിന്റെ സമ്മർദത്തിന് വഴങ്ങില്ല. മുന്നണി മാറ്റത്തിനുള്ള സാഹചര്യമില്ല എന്നാണ് വിലയിരുത്തൽ. എൽഡിഎഫിൽ മതിയായ പരിഗണന ലഭിക്കുന്നുണ്ട്. ജോസ് കെ മാണി വ്യക്തമാക്കി.
ആശുപത്രിയിൽ കഴിയുന്ന ദുബായിലെ സുഹൃത്തിനെ കാണാനാണ് കുടുംബസമേതം പോയത്. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. തിങ്കളാഴ്ച എൽഡിഎഫ് സത്യാഗ്രഹത്തിൽ പാർട്ടിയുടെ മുഴുവൻ എംഎൽഎമാരും പങ്കെടുത്തെന്നും അദ്ദേഹം പറഞ്ഞു.
മുന്നണിമാറ്റത്തിൽ എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തുങ്കലും ജോബ് മൈക്കിളും നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. പാർട്ടി ചെയർമാൻ ജോസ് കെ മാണിയെടുക്കുന്ന തീരുമാനത്തിനൊപ്പമെന്നാണ് ഇരുവരുടെയും നിലപാട്. ഇടതുപക്ഷത്തിനൊപ്പമെന്ന് ആവർത്തിക്കുകയാണ് റാന്നി എംഎൽഎ പ്രമോദ് നാരായണൻ.
















