കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ സംശയനിഴലിലുള്ള ദേവസ്വം ബോർഡ് മുൻ അംഗം കെപി ശങ്കർദാസിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിശദമായി വാദം കേൾക്കും. പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായി വാദം കേൾക്കുക. ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ എസ്ഐടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
2019 ൽ ശബരിമലയിൽ ഉണ്ടായിരുന്ന ബോർഡ് അംഗങ്ങളുടെ അറിവോടെയാണ് സ്വർണക്കൊള്ള നടന്നതെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് ശങ്കർദാസ്, എൻ വിജയകുമാർ എന്നിവർക്കെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ലെന്ന് നേരത്തേ കോടതി ചോദിച്ചത്. ബോർഡിന് കൂട്ടുത്തരവാദിത്തം ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് എൻ വിജയകുമാറിനെ പിന്നീട് അന്വേഷണസംഘം അറസ്റ്റുചെയ്തു. ആശുപത്രിയിൽ ചികിത്സയിലാണെന്ന് അറിയിച്ചതിനാൽ ശങ്കർദാസിനെ അറസ്റ്റ് ചെയ്തില്ല. എന്നാൽ മകന് എസ്പി ആയതിനാലാണോ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതെന്ന ചോദ്യം ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. ശങ്കര്‍ ദാസിന്റെ മകന് ഹരിശങ്കര്‍ കൊച്ചി സിറ്റി ഡിഐജിയാണ്.
അതേസമയം പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലാണ് ശങ്കര്‍ ദാസെന്നാണ് ഇയാളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരിക്കുന്നത്. ശങ്കർദാസ് ഐസിയുവിൽ ആണ് എന്നതിന് തെളിവായി ഫോട്ടോകളും കോടതിയിൽ ഹാജരാക്കിയിരുന്നു. ആരോഗ്യനില ഗുരുതരമാണ് എന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ നിന്ന് ശങ്കർദാസിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.
















